ഇപ്പോള്‍ വിപണിയില്‍ ട്രെന്‍ഡായിരിക്കുകയാണ് വീടിന്റെ അകത്തളങ്ങളില്‍ വളര്‍ത്താവുന്ന അലങ്കാരച്ചെടികള്‍. ഇവയുടെ പണി വെറുതെ മോടികൂട്ടുക എന്നത് മാത്രമല്ല, അതിനൊപ്പം വീടിന്റെ അകത്തളങ്ങളില്‍ ഓക്സിജന്റെ ലഭ്യത കൂട്ടാനും ഇത്തരം ചെടികള്‍ സഹായിക്കുന്നുണ്ട്.
ഇപ്പോള്‍ നാടന്‍ ചെടികള്‍ക്കു പുറമെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ചെടികളും വിപണിയില്‍ സുലഭമാണ്. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ കൂടുതല്‍ പ്രാധാന്യം ഇന്റീരിയര്‍ പ്ലാന്റ്സിനു നല്കുന്നു. ഏറ്റവുമധികം ആള്ക്കാര് വളര്‍ത്തുന്നത് ഫിലോഡെന്‍ഡ്രോണ്‍, മണിപ്ലാന്റ്, ട്രസീന, അഗ്ലോനിമ, സിംഗോണിയം എന്നിവയാണ്.
ഇപ്പോള്‍ 150 രൂപമുതല്‍ നാലായിരം രൂപരെയുള്ള അലങ്കാരച്ചെടികള്‍ ലഭ്യമാണ്. കൂടുതല്‍ പേരും അടുക്കളയില്‍ വെക്കുന്നത് ഔഷധസസ്യങ്ങളും സുഗന്ധ വ്യഞ്ജനച്ചെടികളുമാണ്. കള്ളിമുള്‍ച്ചെടി, മണിപ്ലാന്റ്, ചിത്രപ്പുല്ല് തുടങ്ങിയവയ്ക്ക് അധികം പരിപാലനം വേണ്ടാത്തതിനാല്‍ അവയും ധാരാളം വളര്‍ത്തുന്നുണ്ട്.
സമകാലിക ശൈലിയിലുള്ള വീടിന് വണ്ണംകുറഞ്ഞ നേര്‍രേഖയിലുള്ള ചെടികളും വിക്ടോറിയന്‍ ശൈലിക്ക് ചിത്രപ്പുല്ലുമാണ് ആളുകള്‍ വളര്‍ത്തുന്നത്. ക്ഷീണം, ചുമ, തൊണ്ടവേദന, ജലദോഷ സംബന്ധമായ രോഗങ്ങള്‍ എന്നിവയെ മുപ്പതുശതമാനം വരെ തടയാന്‍ ഇന്റീരിയര്‍ പ്ലാന്റ്സിനു കഴിവുണ്ട്.
മാനസിക പിരിമുറുക്കം കുറയ്ക്കാനും സന്തോഷവന്മാരായി ഇരിക്കാനും പെട്ടെന്നുള്ള രോഗശാന്തിക്കും ശ്രദ്ധ കൂട്ടാനുമെല്ലാം ഇത്തരം ചെടികള്‍ സഹായിക്കും എന്നാണ് പഠനം.