തിരുവനന്തപുരം : പെട്രോൾ-ഡീസൽ വില കുതിച്ചുയരുമ്പോൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം ആവശ്യപ്പെടണമെന്ന് അറിയിച്ച് ബിജെപിയുടെ പ്രതിഷേധ പരിപാട്. പെട്രോൾ വില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ അനുവദിക്കാത്തത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന ട്രഷറർ ജെആർ പത്മകുമാർ ആരോപിച്ചു.
പെട്രോൾ വില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെടണമെന്നറിയിച്ച് ധനമന്ത്രിക്ക് കത്തയയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഏർപ്പെടുത്തിയ നികുതി കൂടാതെ സംസ്ഥാന നികുതികൂടി വരുന്നതാണ് വിലവർധനവിനു കാരണം. അധിക നികുതി ചുമത്തി സംസ്ഥാനം അധികവരുമാനമുണ്ടാക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് സാധാരണക്കാരന് താങ്ങാൻ പറ്റാത്തവിധം വിലവർധനവ് ഉണ്ടാകുന്നത്.
ഏകനികുതി എന്ന നിലയിൽ പെട്രോൾ ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി പ്രവർത്തകർ പോസ്റ്റുകാർഡുകൾ ജിപിഒയിലെ പോസ്റ്റുബോക്സ് വഴി ധനമന്ത്രിയുടെ വിലാസത്തിലേക്ക് അയച്ചു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ സജിത്, ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് നന്ദു, കരമന പ്രവീൺ, സെക്രട്ടറി കിരൺ, ട്രഷറർ ചൂണ്ടിക്കൽ ഹരി, വനിതാ കോഓർഡിനേറ്റർ കവിതാ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.