പാലോട്: വ്യാജ ചികിത്സ നടത്തി വന്നിരുന്ന പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സ്ത്രീ പോലീസ് പിടിയില്‍. പെരിങ്ങമ്മല കൊല്ലായില്‍ ഡീസന്റ് മുക്കിനു സമീപം ഹിസാന മന്‍സിലില്‍ സോഫി മോള് (43) ആണ് അറസ്റ്റിലായത്. മാറാരോഗങ്ങള്‍ മാറ്റുമെന്നു സോഷ്യല്‍ മീഡിയ വഴി പ്രചാരണം നല്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാംപ് ചെയ്തു വ്യാജ ചികിത്സ നടത്തി വരികയായിരുന്നു ഇവര്‍.
പാലോട് പൊലീസാണ് സോഫിയെ അറസ്റ്റ് ചെയ്തത്. ഡീസന്റ് മുക്കില്‍ ചികിത്സ നടത്തവേയാണു പിടിയിലായത്. പൊലീസ് എത്തുന്ന സമയത്തും വിവിധ സ്ഥലങ്ങളിലെ നിരവധി പേര് ചികിത്സാ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു.പെരിങ്ങമ്മല സ്വദേശിയാണെങ്കിലും ഇവര്‍ വര്‍ഷങ്ങളായി കാസര്‍കോട് നീലേശ്വരം മടിക്കൈ എന്ന സ്ഥലത്താണു താമസം.
മലപ്പുറം, കൊണ്ടോട്ടി, തലശ്ശേരി കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും ഇപ്പോള്‍ ചികിത്സ നടത്തി വരുന്നതായും നേരത്തെ ഭര്‍ത്താവിനൊപ്പം ചികിത്സ നടത്തിയിരുന്ന ഇവര്‍ ഇപ്പോള്‍ പിണങ്ങി ഒറ്റയ്ക്കാണു ചികിത്സ നടത്തി വരുന്നതെന്നും പൊലീസ് കണ്ടെത്തി. വൈദ്യ ഫിയ റാവുത്തര്‍ തലശ്ശേരി എന്ന ഫെയ്സ്ബുക് അക്കൗണ്ട് മുഖേനയാണു ഇവര്‍ ചികിത്സയ്ക്കു പ്രചാരണം നല്‍കുന്നത്.
മരുന്ന് നല്‍കാനുള്ള തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയുടെ കളരി മര്‍മ ഗുരുകുലത്തിന്റെ സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചാണു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സോഫിയ സര്‍ജറി അടക്കം നടത്തിവന്നത്. ഇത്തരം ചികിത്സയ്ക്കായി അമിതമായി ഫീസും ഈടാക്കിയിരുന്നു.
ഇവരില്‍ നിന്ന് ഡോ. സോഫിമോള് എന്ന തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്തു. ഫെയ്സ് ബുക്കിലെ പരസ്യം കണ്ടു തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിര്‍ദേശപ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ്, പാലോട് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് വ്യാജഡോക്ടര്‍ എന്നു കണ്ടെത്തി അറസ്റ്റ് ചെയ്തത്.