തിരുവനന്തപുരം: വിലപിടിപ്പുള്ള അപൂര്‍വ മോതിരം വിറ്റു കിട്ടിയ അഞ്ചു ലക്ഷം രൂപ നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റു മരിച്ച രാജന്-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് നല്‍കാനൊരുങ്ങി എഴുത്തുകാരി ലക്ഷ്മി രാജീവ്- രാജീവ് ദമ്പതികള്‍. അപൂര്‍വ മോതിരമായ ‘അനന്ത വിജയം’ വിറ്റു കിട്ടിയ തുകയാണ് ദമ്പതികള്‍ കുട്ടികള്‍ക്ക് കൈമാറുന്നത്.
പൂജപ്പുര സ്വദേശി ഗണേഷ് സുബ്രഹ്മണ്യ നിര്‍മ്മിച്ച മോതിരം കോഴിക്കോട് സുരഭി മാള്‍ ഉടമ പ്രഭ ഗോപാലനാണ് അഞ്ചു ലക്ഷം നല്കി വാങ്ങിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നാളെ ലക്ഷ്മി രാജീവും ഗണേഷും കുട്ടികളുടെ താമസ സ്ഥലത്തെത്തി ചെക് കൈമാറും.
ലെന്‍സിലൂടെ നോക്കിയാലേ ശ്രീപത്മനാഭ സ്വാമിയെ മോതിരത്തില്‍ കാണാന്‍ കഴിയൂവെന്നതാണ് മോതിരത്തിന്റെ പ്രത്യേകത. ഇതേ രൂപത്തിലുള്ള മോതിരം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയ്ക്കും നടന് മോഹന്‍ലാലിനും ഗണേഷ് നിര്‍മിച്ചു നല്‍കിയിരുന്നു.
മൂന്നാമത്തെ മോതിരം നിര്‍മിക്കാന്‍ ഗണേഷിനെ പ്രേരിപ്പിച്ചത് ലക്ഷ്മി രാജീവായിരുന്നു. ഇതേ തുടര്‍ന്ന് അനവധി ഓഫറുകള്‍ ഗണേഷിനെ തേടിയെത്തി. സന്തോഷ സൂചകമായി ഗണേഷ് മൂന്നു വര്‍ഷം മുന്‍പ് ലക്ഷ്മിക്ക് ഇതേ രൂപത്തിലുള്ള മോതിരം സമ്മാനിച്ചു.
രാജന്-അമ്പിളി ദമ്പതികളുടെ മക്കള്‍ അനാഥരായ പശ്ചാത്തലത്തില്‍ മോതിരം വില്‍ക്കാനും ആ തുക കുട്ടികള്‍ക്ക് കൈമാറാനുമായിരുന്നു ലക്ഷ്മി രാജീവിന്റെ തീരുമാനം. ഇതേക്കുറിച്ച് നാലു ദിവസം മുന്‍പ് ലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.