തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കലിനിടെ തീകൊളുത്തി മരിച്ച അമ്പിളിയുടെ മൃതദേഹം തടഞ്ഞുള്ള പ്രതിഷേധം അവസാനിച്ചു. മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്കൊപ്പം നാട്ടുകാര്‍ നടത്തിയ വഴി തടയല്‍ സമരം തിരുവനന്തപുരം ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് അവസാനിച്ചത്.
ജില്ലാ കളക്ടര്‍ നവജ്യോത് സിങ് ഖോസെയുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്ന് മക്കള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാരനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരിക്കേ ഇന്നു മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേയ്ക്കു കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടയുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുക്കുകയായിരുന്നു.
ആരോപണം നേരിടുന്ന പോലീസുകാരനെതിരെ നടപടിയെടുക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്കി. മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കളക്ടര്‍ വ്യക്തമാക്കി. കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നതായി ദമ്പതിമാരുടെ മക്കള്‍ പറഞ്ഞു.
അച്ഛനെ സംസ്കരിച്ച സ്ഥലത്തോടു ചേര്‍ന്നു തന്നെ അമ്മയെയും സംസ്കരിക്കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് കുട്ടികളെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടലിന് നിര്‍ദേശം നല്കിയ മുഖ്യമന്ത്രി കുട്ടികള്‍ക്ക് വീടുവെച്ചു നല്‍കാനുള്ള നിര്‍ദേശവും നല്കി. ഇതിനായി ജില്ലാ ഭരണകൂടത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദമ്പതികളുടെ മരണത്തിന് കാരണമായ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ നെട്ടതോട്ടം ലക്ഷം വീട് കോളനിയിലായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച വീടൊഴിപ്പിക്കലിനിടെ ദമ്പതിമാര്‍ തീകൊളുത്തി മരിച്ചത്. രാജനും കുടുംബവും സ്ഥലം കയ്യേറിയെന്നു കാണിച്ച് അയല്‍വാസിയായ വസന്ത നെറ്റാറ്റിന്കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. പരാതി അഭിഭാഷക കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തുകയും രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ കോടതി ഉത്തരവ് പ്രകാരം പോലീസ് വീടൊഴിപ്പിക്കാന്‍ എത്തിയപ്പോള്‍ രാജന് ഭാര്യ അമ്പിളിയെ ചേര്‍ത്തു പിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. എന്നാല്‍ പോലീസുകാരന്റെ കൈതട്ടിയാണ് തീപടര്‍ന്നതെന്നും മരണത്തിന് ഉത്തരവാദി പോലീസാണെന്നുമാണ് ആരോപണം. ഗുരുതരമായി പൊള്ളലേറ്റ രാജന് ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയും മരിക്കുകയായിരുന്നു. തര്‍ക്കവിഷയമായ ഭൂമിയില്‍ കുടുംബം താമസിക്കുന്ന വീടിനു മുന്നില്‍ തന്നെയാണ് രാജനെ സംസ്കരിച്ചത്.