തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ആര്.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്‍ വിവാദമായി മാറിയിരിക്കുകയാണിപ്പോള്‍. സംഭവത്തില്‍ നിരവധി പേരാണ് പ്രതിഷേധമറിയിച്ച് ഇതിനോടകം രംഗത്തെത്തിയത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഗോള്‍വാള്‍ക്കര്‍ രാജ്യസ്നേഹിയാണെന്ന് മുരളീധരന് പറഞ്ഞു. നെഹ്റു കായികതാരമായിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്നും മുരളീധരന് ചോദിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുമെന്ന് കഴിഞ്ഞ ദിവസമാണ് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്ഷവര്ധന് അറിയിച്ചത്. ‘ഈ ഗവേഷണ കേന്ദ്രത്തിന് ഗുരുജി മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍, വൈറല്‍ ഇന്ഫെക്ഷന്” എന്ന് പേരിടുന്നതില്‍ സന്തോഷമുണ്ട്’, ഹര്ഷവര്ധന് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധി പേര് രംഗത്തെത്തി. ശാസ്ത്രസ്ഥാപനത്തിന് ആര്.എസ്.എസ് സൈദ്ധാന്തികന്റെ പേരിടുന്നതിലെ യുക്തിയെന്താണെന്ന് പലരും ചോദ്യമുന്നയിച്ചു.
കേരളത്തിലെ ആദ്യ വാക്സിന് വിദഗ്ധനായ ഡോ.പല്‍പ്പുവിന്റെ പേരാണ് ഇടേണ്ടതെന്ന് ശശി തരൂര്‍, മുല്ലക്കര രത്നാകരന്, എം.എ ബേബി തുടങ്ങി നിരവധി പേര് ചൂണ്ടിക്കാണിച്ചു.