തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ തൂടര്‍ച്ചയായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും വിലയിരുത്തുവാനെത്തിയ അദാനിഗ്രൂപ്പ് കണ്‍സള്‍ട്ടന്‍സി പ്രതിനിധികളെ ജീവനക്കാര്‍ തടഞ്ഞുവെച്ചു. കണ്‍സള്‍ട്ടന്‍സി പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയത് വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ദര്‍ഘാസ് നടപടികളില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായാണ്.
നാലുപേര്‍ വിമാനത്താവള ഡയറക്ടര്‍ എംബാലചന്ദ്രനെ കാണുന്നതിനായി എത്തിയെങ്കിലും ജീവനക്കാരുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതിനിധികള്‍ മടങ്ങുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം അദാനി ഗ്രൂപ്പിനാണ്. തിരുവനന്തപുരം വിമാനത്താവളംകൂടി ഏറ്റെടുക്കുന്നതോടെ വലിയ നേട്ടമാണ് അദാനിഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഇവ രണ്ടും 15 കിലോമീറ്ററിനുള്ളിലാണ്. വിമാനത്താവള ഡയറക്ടറുടെ ഓഫീസിനു മുന്പില് പ്രതിഷേധ പ്രകടനം നടത്തിയത് എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് കെപി സുരേഷ്, സെക്രട്ടറി അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജീവനക്കാരാണ്.
ദര്‍ഘാസില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വെള്ളിയാഴ്ച ജിഎംആറിന്റെ നാലുപ്രതിനിധികളും വിമാനത്താവളം കാണാനെത്തിയിരുന്നു. എന്നാല്‍, അതോറിറ്റി ജീവനക്കാര്‍ പ്രതിഷേധവുമായി വന്നതോടെ ജിഎംആര്‍ കമ്പനിയും മടങ്ങി. സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ദര്‍ഘാസില്‍ പങ്കെടുക്കും എന്നാണ് വിവരം.