നെടുമങ്ങാട്: പൊന്മുടിയെ അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെടിഡിസി നിര്‍മ്മിക്കുന്ന കോട്ടേജുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്. പൊന്മുടിയുടെ സൗന്ദര്യം മുഴുവന്‍ ദൃശ്യമാകുന്ന രീതിയിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഈ സീസണില്‍ തന്നെ താമസസൗകര്യത്തിനായ് സഞ്ചാരികള്‍ക്കായ് തുറന്നു നല്‍കും.
മൂന്ന് കോടി ചെലവില്‍ പതിനാല് കോട്ടേജുകളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കെട്ടിടങ്ങളുടെ പണി ആരംഭിച്ചത്. നേരത്തേ ഇവിടെയുണ്ടായിരുന്ന കാലഹരണപ്പെട്ട കോട്ടേജുകള്‍ പൊളിച്ചുമാറ്റി പാരമ്പര്യത്തനിമ നിലനിര്‍ത്തിയാണ് പുതിയത് നിര്‍മിച്ചിരിക്കുന്നത്. പൊന്മുടിയുടെ വികസന സാധ്യതകളെപ്പറ്റി ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച പരമ്പരയെത്തുടര്‍ന്നാണ് കെ.ടി.ഡി.സി. പുതിയ കെട്ടിടങ്ങള്‍ക്ക് രൂപകല്‍പ്പന ചെയ്തത്.
നിലവില്‍ കെ.എസ്.ആര്.ടി.സി. ബസുകള്‍ എത്തുന്ന ലോവര്പൊന്മുടിയില് പാര്‍ക്കിങ് യാര്‍ഡ്, ബസ് കാത്തു നില്‍ക്കുന്നവര്‍ക്കുള്ള ബസ് ഷെല്‍ട്ടര്‍, മുളകൊണ്ടുള്ള കുടിലുകള്‍, ട്രീ ഹൗസ്, മനോഹരമായ ഉദ്യാനം, ശില്പങ്ങള് എന്നിവ നിര്‍മിക്കും. കൂടാതെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. കുട്ടികള്‍ക്കായി അഡ്വഞ്ചര്‍ പാര്‍ക്ക് ഏരിയ, ട്രീ ടോപ്പ് വ്യൂ, വാട്ടര്‍ ഫൗണ്ടന് എന്നിവയെല്ലാം പാര്‍ക്കില്‍ ഉണ്ടാകും.
നാലുവര്‍ഷത്തിനുള്ളില്‍ ഇന്നു കാണുന്ന പൊന്മുടിയെ അന്തര്‍ദേശീയ വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റാനാണ് കെ.ടി.ഡി.സി.യുടെ പരിശ്രമം. ഇതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ കോട്ടേജുകള്‍ ഡിസംബര്‍ ആദ്യവാരത്തോടെ തുറന്നുകൊടുക്കു മെന്നും ഇതോടെ കൂടുതല്‍ സന്ദര്‍ശകര്‍ പൊന്മുടി തേടിയെത്തുമെന്നും കെ.ടി.ഡി.സി. ചെയര്മാന് എം.വിജയകുമാര്‍ പറഞ്ഞു.