ആറ്റിങ്ങല്‍: ഫോറിന് മണി എക്സ്ചേഞ്ചില്‍ നിന്നും ഡോളര്‍ മാറാനെന്ന വ്യാജേനയെത്തിയ വിദേശികള്‍ ഒന്നേമുക്കാല്‍ ലക്ഷം ഇന്ത്യന്‍ രൂപ വിലവരുന്ന വിദേശ കറന്‍സികള്‍ തട്ടിയെടുത്തതായി പരാതി. കച്ചേരി ജങ്ഷന്- ചിറയിന്‍കീഴ് റോഡിലെ വിഎസ് അസോസിയേറ്റ്സിലാണ് സംഭവം നടന്നത്. വിദേശികളായ സ്ത്രീയും പുരുഷനുമാണ് ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെ പണം കവര്‍ന്നത്.
സംഭവത്തില്‍ ആറ്റിങ്ങള്‍ പോലീസ് കേസെടുത്തു. ഇരുവര്‍ക്കും അന്പതിനു മുകളില്‍ പ്രായം വരും. പണം കവര്ന്നവരുടെത് എന്നു കരുതുന്ന ചിത്രം ഇവര്‍ തന്നെ മുന്‍പ് മറ്റൊരിടത്തു കവര്‍ച്ച നടത്തിയ സ്ഥലത്തുനിന്നും പോലീസിനു ലഭിച്ചിട്ടുണ്ട്. ഓട്ടോയില്‍ കച്ചേരിനട ഭാഗത്തുനിന്നാണ് ഇവര്‍ എത്തിയത്. ഫിനാന്‍സിനു മുന്നില്‍ ഇറങ്ങിയശേഷം അകത്തുകയറി ജീവനക്കാരിയായ യുവതിയോട് 1000 ദര്‍ഹത്തിനു രൂപ വേണമെന്ന് ആവശ്യപ്പെട്ടു. കൗണ്ടറില്‍ ഉണ്ടായിരുന്ന ജീവനക്കാരി പണമെടുക്കാനായി അകത്തേയ്ക്കു പോയ സമയം കൗണ്ടറിലെ മേശയ്ക്കകത്തുണ്ടായിരുന്ന 7500 സൗദി റിയാല്‍, 75 കുവൈറ്റ് ദിനാര്‍ എന്നിവ മോഷ്ടിച്ചുകൊണ്ടു പോവുകയായിരുന്നു.
ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെങ്കിലും അതു പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മോഷ്ടിച്ചവരെക്കുറിച്ചു തെളിവുകളില്ലായിരുന്നു. സമാനമായ രീതിയില്‍ ഒരാഴ്ച മുന്‍പു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറില്‍ മണി എക്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പു നടത്തിയിരുന്നുവെന്ന വിവരമറിഞ്ഞ് ആറ്റിങ്ങലിലെ സ്ഥാപന ഉടമ മെഡിക്കല്‍ കോളജിലെ സ്ഥാപനവുമായി ബന്ധപ്പെട്ട് അന്നത്തെ സിസി ടിവി ദൃശ്യത്തിന്റെ ചിത്രം വരുത്തി പരിശോധിച്ചപ്പോള്‍ അവിടെ കവര്‍ച്ച നടത്തിയ അതേ ആള്ക്കാര് തന്നെയാണ് ഇവിടെയും കവര്‍ച്ച നടത്തിയതെന്നു ബോധ്യമായി. തുടര്‍ന്ന് ആ ദൃശ്യങ്ങള്‍ വരുത്തി ആറ്റിങ്ങല്‍ പോലീസിനു നല്കി.