ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ജോസ് കെ മാണിയെ കടന്ന് ആക്രമിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജേസഫ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ ചിരി കരച്ചിലാവുമെന്നും പാലാ നഗരസഭയില്‍ ജോസ് കെ. മാണി നേട്ടമുണ്ടാക്കിയെന്ന് പറയുന്നത് ശരിയല്ലെന്നും പി.ജെ ജേസഫ് പറഞ്ഞു. ജോസഫ് വിഭാഗം തകര്‍ന്നടിഞ്ഞുവെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടുക്കി ജില്ലയില്‍ പാര്‍ട്ടി നല്ല മുന്നേറ്റമാണ് നടത്തിയത്. ഇടുക്കിയില്‍ മാത്രം ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച 87 പേര് ജയിച്ചു. രണ്ടില ചിഹ്നത്തില്‍ 44 പേര് മാത്രമാണ് ഇവിടെ വിജയം കണ്ടത്. ഇടുക്കിയില്‍ മെച്ചപ്പെട്ട സ്ഥിതിയാണ് പാര്‍ട്ടിക്കുള്ളതെന്നും പിജെ ജോസഫ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി തകര്‍ന്നുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പാലാ നഗരസഭയില്‍ ജോസ് കെ മാണിക്ക് തനിച്ചു ഭൂരിപക്ഷമില്ല. 2015ല്‍ 17 സീറ്റ് ഉണ്ടായത് ഇക്കുറി 9 ആയി കുറയുകയാണ് ചെയ്തത് എന്നും പിജെ ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ എല്ലാം നേട്ടമുണ്ടാക്കിയത് ജോസഫ് വിഭാഗമാണ്. പത്തനംതിട്ടയില്‍ ചെണ്ട ചിഹ്നത്തില്‍ 32 പേര് ജയിച്ചു. രണ്ടിലയില്‍ ജയിച്ചത് 19 പേര് മാത്രമാണ്. കോട്ടയത്ത് 100 ഇടത്ത് ജയിച്ചു. സംസ്ഥാനമാകെ 292 പേര് പിജെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു വിജയിച്ചു എന്നും ജോസഫ് പറഞ്ഞു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അനുവദിച്ചു കിട്ടിയ ചെണ്ട ചിഹ്നം തുടരണോ എന്ന് ആലോചിക്കുകയാണ്. ചെണ്ട രണ്ടിലയേക്കാള്‍ നല്ല ചിഹ്നമാണ്. പാര്‍ട്ടി ചിഹ്നം ആക്കിയാലോ എന്ന് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടില ജോസ് കൊണ്ട് പൊയ്ക്കോട്ടെ, തെരഞ്ഞെടുപ്പില്‍ തോറ്റ ചിഹ്നമാണ് രണ്ടില എന്നും പിജെ ജോസഫ് പറഞ്ഞു.
അതേസമയം കഴിഞ്ഞ 68 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും എല്‍ഡിഎഫിന് പിടിക്കാന്‍ പറ്റാതിരുന്ന പാലാ മുനിസിപ്പാലിറ്റിയില്‍ ജോസ് കെ മാണിയുടെ സഹായത്തോടെ ഇടത് പക്ഷം ഭരണം പിടിച്ചിരുന്നു. 26 വാര്‍ഡുള്ള പാലാ നഗരസഭയില്‍ മത്സരിച്ച 13 സീറ്റില്‍ 11 -ലും ജോസ് മാണിയുടെ കേരള കോണ്‍ഗ്രസ് (എം) വിജയിച്ചു. പിജെ ജോസഫ് വിഭാഗത്തിന് ഇത്തവണ അവിടെ വെറും മൂന്നു സീറ്റില്‍ ഒതുങ്ങേണ്ടി വന്നു.