കോട്ടയം: ഗ്യാസ്സ് സ്റ്റൗ പൊട്ടിത്തെറിച്ചു വീട്ടമ്മയ്ക്ക് പൊള്ളലേറ്റു. കുടമാളൂര്‍ കുടയംപടി ഷെയര്‍ വില്ലയില്‍ വിളക്കുമാടം വീട്ടില്‍ ടി.ജി. ജെസ്സി മാത്യുവിനാണ് (60) പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായര്‍ രാത്രി 11നാണ് അപകടം നടന്നത്.
സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ഡോ. വൈ.മാത്യുവിന്റെ വീട്ടിലാണ് അപകടം നടന്നത്. ഡോ. വൈ മാത്യുവും ഭാര്യ ജെസി മാത്യുവും മാത്രമാണ് ഞായര്‍ രാത്രി വീട്ടില്‍ ഉണ്ടായിരുന്നത്. പാചക വാതകം ചോര്‍ന്ന ഗന്ധം വ്യാപിച്ചതോടെ ജെസി മാത്യു അടുക്കളയില്‍ എത്തി. രാത്രിയായതിനാല്‍ വൈദ്യുതി സ്വിച്ച് ഓണ്‍ ചെയ്തു. തുടര്‍ന്ന് ഗ്യാസ് സ്റ്റൗ പെട്ടെന്ന് പൊട്ടിത്തറിക്കുകയായിരുന്നു.
അയല്‍വീട്ടുകാര്‍ ഓടിയെത്തി തീ അണച്ചാണ് ജെസ്സിയെ ആശുപത്രിയില്‍ എത്തിച്ചത്. തീയോടുകൂടിയ പൊട്ടിത്തെറി ഉണ്ടായെന്ന് സമീപവാസികള്‍ പറഞ്ഞു. അടുക്കളയിലെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. മുറിയിലെ കര്‍ട്ടനുകളിലേക്കും തീപടര്‍ന്നു. അഗ്നിശമന സേനാംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു. ഗ്യാസ് സ്റ്റൗവ് മാത്രമാണ് പൊട്ടിത്തെറിച്ചത്. സിലിണ്ടറിനു കുഴപ്പമില്ല. ഫോറന്‍സിക് വിദഗ്ധര്‍ ഇന്നു പരിശോധന നടത്തും.