കൊല്ലം:നഗരത്തിനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള അമിനിററി സെന്ററുകള്‍ വരുന്നു. കോര്‍പ്പറേഷന്റെയും കൃഷ്ണസ്വാമി റെഡ്യാര്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ രണ്ട് അമിനിറ്റി സെന്ററുകളാണ് നിര്‍മ്മിക്കുന്നത്. ഇതിനു മുന്നോടിയായുളള കുഴല്‍ക്കിണര്‍ നിര്‍മ്മാണം ആരംഭിച്ചു.
ഒരുകോടി രൂപ മുതല്‍മുടക്കില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അമിനിറ്റി സെന്റര്‍ ക്ലോക്ക് ടവറിന് സമീപത്തായാണ് കോര്പ്പറേഷന് നിര്‍മിക്കുന്നത്. കൃഷ്ണസ്വാമി റെഡ്യാര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 12 ലക്ഷം രൂപ മുതല്‍മുടക്കില്‍ ചിന്നക്കട ബസ് ബേയിലാണ് അമിനിറ്റി സെന്റര്‍ നിര്‍മിക്കുക.കുഴല്‍ക്കിണര്‍ നിര്‍മാണത്തിനുണ്ടായ താമസമാണ് അമിനിറ്റി സെന്ററിന്റെ നിര്‍മാണം വൈകിപ്പിക്കുന്നത്. കുഴല്‍ക്കിണര്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഈ മാസം അവസാനത്തോടെ അമിനിറ്റി സെന്ററുകളുടെ നിര്‍മാണവും ആരംഭിക്കുമെന്നും. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എംഎ സത്താര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകസൗകര്യങ്ങളോടെ അത്യാധുനിക രീതിയിലാണ് കോര്പ്പറേഷന് അമിനിറ്റി സെന്റര്‍ നിര്‍മിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ശുചിമുറി, പ്രത്യേക വിശ്രമകേന്ദ്രം, മറ്റ് ശുചിമുറികള്‍, നാപ്കിന്വെന്ഡിങ് മെഷീന്, വിശ്രമിക്കാനായി ഫര്‍ണിച്ചറുകള്‍, ആധുനിക രീതിയിലുള്ള കഫ്റ്റീരിയ, എടിഎം പ്രഥമശുശ്രൂഷ നല്‍കുന്നതിനുള്ള പ്രത്യേക സെന്റര്‍, രക്തപരിശോധനയ്ക്കുള്ള പ്രത്യേക സെന്റര്‍, മാലിന്യസംസ്കരണ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള രണ്ടുനില കെട്ടിടമാണ് നിര്‍മിക്കുക. മുകളിലത്തെ നിലയില്‍ കഫ്റ്റീരിയയും താഴെ മറ്റ് സൗകര്യങ്ങളുമാണ് ഉണ്ടായിരിക്കുക.