ഓച്ചിറ: ഓണാട്ടുകര ഉത്സവത്തിമര്‍പ്പിലാണ്. അവസാനഘട്ടത്തിലേക്ക് കടന്ന കെട്ടുകാള നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ നാട് ഉത്സവത്തിലേക്ക് കടക്കും.
പന്തലിന്റെ കാല്‍നാട്ടുകര്‍മം, ചട്ടംകൂട്ടല്‍, കോല്കെട്ട്, കച്ചികെട്ട്, ചാക്കുപയോഗിച്ച് പൊതിയല്‍, ചുവപ്പും വെളുപ്പും നിറത്തിലുള്ള പട്ടുകൊണ്ട് പൊതിയല്‍, നന്ദികേശ ശിരസ്സ് ഉറപ്പിക്കല്‍ തുടങ്ങിയവയാണ് ആദ്യഘട്ടം. തുടര്‍ന്ന് കുടമണികള്‍, കുഞ്ചലം, വിവിധതരം അലങ്കാരങ്ങള്‍ എന്നിവകൊണ്ട് നന്ദികേശന്മാരെ അണിയിച്ചൊരുക്കും. മാറ്റുകൂട്ടുന്നതിനായി നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട തുടങ്ങിയവയെല്ലാം അണിയിക്കും.
ക്ലാപ്പന പെരുമാന്തഴ കൈലാസം കാളകെട്ടുസമിതി ഇക്കുറി കൂറ്റന്‍ കെട്ടുകാളയെയാണ് എഴുന്നള്ളിക്കുന്നത്. തുടര്‍ച്ചയായി പത്താംതവണയാണ് സമിതി കെട്ടുകാളയെ പടനിലത്ത് എത്തിക്കുന്നത്. കെട്ടുകാളയെ അണിയിക്കാന്‍ 16 അടി ഉയരമുള്ള കൂറ്റന്‍ നെറ്റിപ്പട്ടവും ഇക്കുറി നിര്‍മിച്ചിട്ടുണ്ട്. 30 ഗ്രാം തങ്കമാണ് നെറ്റിപ്പട്ട നിര്‍മാണത്തിനായി ഉപയോഗിച്ചത്.
പ്രയാര്‍ വടക്ക് കിണറുമുക്ക് കാളകെട്ടുസമിതി നന്ദികേശന്മാരെ അണിയിക്കാന്‍ ഇക്കുറി കൂറ്റന്‍ നെറ്റിപ്പട്ടമാണ് നിര്‍മിച്ചിരിക്കുന്നത്. 19 അടി നീളവും 90 ഗ്രാം തങ്കവും ഉപയോഗിച്ചാണ് നെറ്റിപ്പട്ടം നിര്‍മിച്ചിരിക്കുന്നത്.