കാസര്‍കോട്: കാസര്‍കോട് കല്യോട്ടിന് സമീപം മതമൈത്രികൊണ്ട് പേരുകേട്ട ഒരുസ്ഥലം ഉണ്ട്. ഇവിടെ ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കുമെത്തുന്ന വിശ്വാസികളെ സ്വാഗതം ചെയ്യുന്നത് ഒറ്റപ്രവേശന കവാടമാണ്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ രണ്ട് ദേശങ്ങളിലെ ആരാധനാലയങ്ങള്‍ക്കാണ് മതമൈത്രിയുടെ ഈ കവാടം ഒരുക്കുന്നത്.
ഒറ്റ പ്രവേശന കവാടം തയ്യാറാവുന്നത് ആയമ്പാറ മഹാ വിഷ്ണു ക്ഷേത്രം, മീത്തലെ കുണിയ ബിലാല്‍ മസ്ജിദ് എന്നീ ആരാധനാലയങ്ങളിലേക്കാണ്. കാസര്‍കോട് കാഞ്ഞങ്ങാട് ദേശീയ പാതയ്ക്കരികില്‍ കുണിയ ആയമ്പാറ റോഡിലാണ് കവാടം നിര്‍മാണം പൂര്‍ത്തിയാകുന്നത്. ഈ പ്രവേശന കവാടത്തിലൂടെ സഞ്ചരിച്ചാല്‍ ആദ്യമെത്തുന്നത് ബിലാല്‍ മസ്ജിദിലും പിന്നീട് എത്തുക ക്ഷേത്രത്തിലേക്കുമാണ്.
കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിന്റെ യുഎഇ കമ്മിറ്റി പുതിയ കവാടം നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അത് നിര്‍മിക്കുന്നത് മസ്ജിദ് കമ്മിറ്റിയുമായി ആലോചിച്ചുമതിയെന്ന് പിന്നീട് തീരുമാനം മാറ്റി. അങ്ങനെയാണ് ഇരു ആരാധനലായങ്ങളുടെ കമ്മിറ്റികള്‍ ചേര്‍ന്ന് കവാട നിര്‍മാണത്തിന് സംഘാടക സമിതി രൂപീകരിച്ചത്. കവാടത്തിന്റെ അവസാനവട്ട മിനുക്ക് പണികളാണ് ഇപ്പോള്‍ നടക്കുന്നത്.