കണ്ണൂര്‍: റോബോട്ടുകള്‍ ഭക്ഷണം വിളമ്പിത്തരുന്ന കേരളത്തിലെ ആദ്യത്തെ ഹോട്ടല്‍ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കും. നടന് മണിയന്‍പിള്ള രാജു പങ്കാളിയായ പുതിയ ഹോട്ടലിന് ബി അറ്റ് കിവിസോ എന്നാണ് പേരിട്ടിരിക്കുന്നത്.
റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്നത് ഒഴിച്ചാല്‍ മറ്റ് ഹോട്ടലുകളിലേതുപോലെയാണ് എല്ലാകാര്യങ്ങളെന്നും ബി അറ്റ് കിവിസോയുടെ മാനേജിങ് പാര്‍ട്ണര്‍ നിസാമുദ്ദീന്‍ പറയുന്നു. ഹോട്ടല്‍ ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തില്‍ ഇത്തരത്തിലുള്ള ഹോട്ടല്‍ ആദ്യമായാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് നിസാമുദ്ദീന്‍ പറയുന്നു.
ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞാല്‍ ട്രേയില്‍ ഭക്ഷണവുമായി റോബോട്ട് എത്തും. മുന്‍കൂട്ടി പ്രോഗ്രാം ചെയ്തത് പ്രകാരം ടേബിളിലേക്ക് റോബോട്ട് എത്തിയശേഷം ‘സാര്‍, യുവര്‍ ഫുഡ് ഈസ് റെഡി’ എന്നു പറഞ്ഞതിന് ശേഷമാകും വിളമ്പുക.
ഭക്ഷണം വിളമ്പിയതിന് ശേഷം കസ്റ്റമേഴ്സ് റോബോട്ടിന്റെ പിറകിലുള്ള സെന്‍സറില്‍ തൊടണം. അപ്പോഴാണ് ഇത് തിരികെ പോവുക. അഞ്ച് അടി ഉയരമുള്ള മൂന്ന് പെണ് റോബോട്ടുകളാണ് ഭക്ഷണം വിളമ്പാനായി എത്തുന്നത്.
ഇവര്‍ക്ക് അലീന, ഹെലന്, ജെയിന് എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന് പുറമേ നാല് അടി ഉയരമുള്ള ഒരു റോബോട്ട് ഉണ്ട് എന്നാല്‍ അതിന് ഇത് വരെ പേര് നല്കിട്ടില്ല. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്ന കുട്ടികളുടെ ഒപ്പം കളിക്കാനും നടക്കാനുമാണ് നാല് അടിയുള്ള റോബോട്ടുകള്‍ എത്തുന്നത്.