അടിമാലി: മരിച്ചെന്ന് വിധിയെഴുതി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് തിരിച്ചയച്ച നവജാതശിശുവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. എന്നാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മുരിക്കാശ്ശേരി വാത്തികുടി പുത്തന്‍പുരയ്ക്കല്‍ പ്രസാദ്-ശ്രീജ ദമ്പതിമാരുടെ കുട്ടിയാണ് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് കുട്ടി മരിച്ചെന്ന് കരുതി വീട്ടിലേക്ക് കൊണ്ടുവരുംവഴി കുട്ടി കരഞ്ഞു.
തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഇവിടെ ശിശുരോഗവിഭാഗത്തിലെ ഡോ. ആര് ശ്രീകൃഷ്ണയുടെ പരിചരണത്തില്‍ ലേബര്‍ റൂമിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്.
സ്വയം ശ്വാസമെടുക്കുന്നുണ്ടെങ്കിലും ചില സമയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ കാണുന്നതിനാല്‍ ഓക്സിജന്‍ നല്‍കിയിട്ടുണ്ട്. വിദഗ്ധചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാന്‍ സാധിക്കുമെങ്കിലും ഇതിനാവശ്യമായ ചികിത്സാചെലവ് വഹിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാത്ത സാഹചര്യവും ഉണ്ട്.