മൂന്നാര്‍: കാലവര്‍ഷത്തില്‍ തകര്‍ന്ന കോളജ് കെട്ടിടത്തില്‍ പഠനം തുടരാന്‍ സാധിക്കാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. മൂന്നാര്‍ ഗവണ്മെന്റ് കോളജ് വിദ്യാര്‍ത്ഥികളാണ് പഠിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തിയത്.
കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന കെട്ടിടം ഉപയോഗശൂന്യമായതിനെതുടര്ന്ന് പഠനം തുടരുന്നതിനായി അധികൃതര്‍ ഗവണ്മെന്റ് എഞ്ചിനിയറിങ് കോളിലെ വര്‍ക്ക്ഷോപ്പ് കെട്ടിടം അനുവദിച്ചു. എന്നാല്‍ ഈ കെട്ടിടത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. തിങ്കളാഴ്ച ടൗണില്‍ പ്രകടനം നടത്തിയശേഷം വിദ്യാര്‍ഥികള്‍ തകര്‍ന്ന കോളേജ് കെട്ടിടത്തിനു സമീപമുള്ള കെട്ടിടങ്ങളില്‍ പ്രവേശിക്കുവാന്‍ തുടങ്ങിയെങ്കിലും പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതീകാത്മകമായി ദേശീയപാതയോരത്തുള്ള കലുങ്കുകളിലിരുന്ന് വിദ്യാര്‍ഥികള്‍ പഠനം നടത്തി. വരുംദിവസങ്ങളിലും സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു .
വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അടുത്ത തിങ്കളാഴ്ചയ്ക്കകം പരിഹരിക്കുമെന്നും നിലവില്‍ എന്‍ജിനീയറിങ് കോളേജ് അധികൃതര്‍ വിട്ടുനല്‍കിയ വര്‍ക്ക്ഷോപ്പ് കെട്ടിടം രണ്ടുനിലകളാക്കി തിരിച്ച് 15 ക്ലാസ്മുറികള് സജ്ജീകരിക്കുമെന്നും എസ് രാജേന്ദ്രന് എംഎല്‍എ പറഞ്ഞു.