എറണാകുളം: ജില്ലയില്‍ ഒരു ഷിഗെല്ല കേസ് കൂടി സ്ഥിരീകരിച്ചു.എടത്തല കൊമ്പാറ സ്വദേശിയായ 9 വയസുള്ള ആണ്‍കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 14ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 19 ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്രവേളകളില്‍ പുറത്തു നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരിക്കാം കുട്ടിയ്ക്ക് ഷിഗെല്ല രോഗബാധയുണ്ടായത് എന്ന് സംശയിക്കുന്നു.
അതേസമയം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രദേശത്തും സമീപ പ്രദേശങ്ങളിലും വയറിളക്ക രോഗനിരീക്ഷണവും പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിക്കുകയും സൂപ്പര്‍ ക്ലോറിനേഷന് നടത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പ്രദേശത്തെ ആര്‍ക്കും തന്നെ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഈ വര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെ 6 ഷിഗല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കാലടി(2),മരട്, വാഴക്കുളം, കറുകുറ്റി എന്നീ പ്രദേശങ്ങളിലാണ് നേരത്തെ ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം മൂവായിരത്തിന് മുകളിലായിരുന്നു രോഗികള്‍.
ഇതോടെ ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഏഴു ദിവസത്തേക്കാണ് ലോക്ഡൗണ്‍ നടപ്പാക്കുക. സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു, റൂറല്‍ എസ്.പി. എസ്. കാര്‍ത്തിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാര്‍ഡുകളാണ് കണ്ടെയ്ന്മെന്റ് സോണ്‍ ആക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകള്‍ ഉള്‍പ്പടെയാണിത്.
മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായ എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകള്‍ അടച്ചിടും. ലക്ഷണങ്ങളുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ കൂട്ട പരിശോധനയില്‍ രോഗ തീവ്രത കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്താനായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ളത് കീഴ്മാട് പഞ്ചായത്തിലാണ്. 43% ആണ് പഞ്ചായത്തിലെ നിരക്ക്. കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തുക. നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.