മുതുകുളം: കടപ്പുറത്ത് എത്തിയ കുടുംബത്തെ ആക്രമിക്കുകയും സ്ത്രീകളെ കടന്നുപിടിക്കുകയും ചെയ്ത സംഭവത്തില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. വലിയഴീക്കല്‍ കരിയില്‍ കിഴക്കതില്‍ അഖില്‍ (ഉണ്ണിക്കുട്ടന്-19), തറയില്‍ക്കടവ് തെക്കിടത്ത് അഖില്‍ദേവ് (അനിമോന്-18), തഴവ കടുത്തൂര്‍ അമ്പാടിയില്‍ ശ്യാം (20), സഹോദരന് ശരത് (20) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
ഞായറാഴ്ച വൈകിട്ട് ആറാട്ടുപുഴ വലിയഴീക്കലിലാണ് സംഭവം. കടപ്പുറത്ത് എത്തിയ കുടുംബത്തിലെ യുവതിയോട് സംഘത്തിലെ ഒരാള്‍ അപമര്യാദയായി പെരുമാറിയതു തടഞ്ഞ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും മര്‍ദിക്കുകയും മത്സ്യം കുത്തിയെടുക്കുന്ന കമ്പി ഉപയോഗിച്ചു കുത്തുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു.
അതേസമയം, കടപ്പുറത്ത് ഉണ്ടായിരുന്നവരാരും സഹായത്തിന് എത്തിയില്ല. അക്രമികളില്‍ നിന്നു രക്ഷപ്പെട്ട് മടങ്ങിയ കുടുംബത്തെ, മറ്റു രണ്ടു പേരെക്കൂടി വിളിച്ചുവരുത്തി അക്രമികള്‍ പിന്തുടര്ന്നു.
ബൈക്കുകള്‍ തടഞ്ഞ അക്രമിസംഘം യുവാവിനെ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തി. യുവതിയുടെ വസ്ത്രം വലിച്ചുകീറി. യുവാവിനെ പിടിച്ചു നിര്‍ത്തിയിരുന്നവരും പിന്നീടു സ്ത്രീയെ ഉപദ്രവിച്ചു. ഇവര്‍ രണ്ടു പേരും ചികിത്സയിലാണ്. ഒന്‍പതു ദിവസം മുന്‍പു വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്.