കൊച്ചി: കുണ്ടന്നൂര്‍, വൈറ്റില മേല്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 10നും 20നും ഇടയില്‍ നടന്നേക്കും. രണ്ട് പാലങ്ങളും ഒരേ ദിവസം ഉദ്ഘാടനം ചെയ്തെക്കും. രണ്ടു പാലങ്ങളും ഒരേ ദിവസം ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രിയുടെ സമയം ചോദിച്ചു മന്ത്രി ജി.സുധാകരന് കത്തു നല്കി.
വൈറ്റിലയിലും കുണ്ടന്നൂരിലും പിഡബ്ല്യുഡി ക്വാളിറ്റി കണ്ട്രോള് വിഭാഗം പരിശോധന നടത്തി. വൈറ്റില മേല്‍പാലത്തിലെ സിഗ്നല്‍ ലൈറ്റുകള്ക്കു കെഎസ്ഇബി കണക്ഷന് ലഭിച്ചു. പാലത്തിന്റെ പണികളെല്ലാം പൂര്‍ത്തിയാക്കിയതായി കരാറുകാര്‍ അറിയിച്ചു. കുണ്ടന്നൂരില്‍ കാനകളുടെ നിര്‍മാണം തീരാനുണ്ട്.
113 കോടി രൂപ ചെലവിലാണു വൈറ്റില മേല്‍പാലം പൂര്‍ത്തിയാകുന്നത്. 2017 ഡിസംബര്‍ 11നാണ് നിര്‍മാണം ആരംഭിച്ചത്. കേരള പൊതുമരാമത്ത് വകുപ്പ് എന്‍എച്ച് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണ പ്രവര്‍ത്തികള്‍. നാഗേഷ് കണ്‍സള്‍ട്ടന്റ്സിന്റേതാണ് ഡിസൈന്‍. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു വൈറ്റില മേല്‍പാലത്തിന്റെ കരാര്‍ ലഭിച്ചത്. രാഹുല്‍ കണ്‍സ്ട്രക്ഷന്‍സിന് ഉപകരാര്‍ നല്‍കിയാണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്.
88.77 കോടി രൂപ മുടക്കിയാണു കുണ്ടന്നൂര്‍ മേല്‍പാലം നിര്‍മാണം പൂര്‍ത്തിയാകുന്നത്. പൊതുമരാമത്ത് വകുപ്പ് എന്‍എച്ച് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്ന പാലത്തിന്റെ ഡിസൈന്‍ ശ്രീഗിരി കണ്‍സള്‍ട്ടന്റ്സും എസ്റ്റീം ഡവലപ്പേഴ്സുമാണ് ഒരുക്കിയത്. മേരി മാതാ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു നിര്‍മാണ കരാര്‍. 2018 ജൂണ്‍ അഞ്ചിന് കുണ്ടന്നൂര്‍ മേല്‍പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. രണ്ട് മേല്‍പ്പാലങ്ങളും ആറ് വരി പാതകളാണ്.