കുറുപ്പംപടി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ജ്വല്ലറിയില്‍ മോഷണം. 300 ഗ്രാം സ്വര്‍ണാഭരണങ്ങളും 18 കിലോഗ്രാം വെള്ളി ആഭരണങ്ങളും ,മോഷ്ടാക്കള്‍ കവര്‍ന്നു. എഎം റോഡിലെ സൗഭാഗ്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ പിന്നിലെ ജനലഴി അറുത്തുമാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ കട തുറന്നപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. കൗണ്ടറിനു താഴെയുള്ള മേശയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും വെള്ളിയും മോഷ്ടാക്കള്‍ കൊണ്ട് പോയി. എന്നാല്‍ സേഫ് ലോക്കര്‍ തകര്‍ക്കാനുള്ള ശ്രമം വിജയിച്ചില്ല. അതിനാല്‍ വന്‍ മോഷണം ഒഴിവായി. പിന്നിലെ രണ്ട് പാളി വെന്റിലേറ്ററിന്റെ ഒരു പാളിയിലെ ഇരുമ്പഴികള്‍ മുഴുവന്‍ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്.
പ്രതിയുടെ ദൃശ്യങ്ങള്‍ ജ്വല്ലറിയുടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഹെല്‍മറ്റു ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല. പോലീസിന്റെ ശാസ്ത്രീയ അന്വേഷണ വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.