തിരുവനന്തപുരം: കുട്ടനാട് സന്ദര്‍ശിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് അവലോകന യോഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംസ്ഥാനത്ത് ക്രിയാത്മക പ്രതിപക്ഷമില്ലെന്നും മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തത് വിവാദമാക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളും കാണാന്‍ ശ്രമിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇന്ന് ആലപ്പുഴയില്‍ വെള്ളപ്പൊക്ക കെടുതി അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിച്ചിരുന്നില്ല. തലസ്ഥാനത്ത് എത്തുന്ന രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനാണ് മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശനം ഒഴിവാക്കിയത്.
അതേസമയം, കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ യോഗത്തിത്തില്‍ തീരുമാനമായി. ഇതിനായി കേന്ദ്രസഹായം തേടും. ആലപ്പുഴയില്‍ ആയിരം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രളയക്കെടുതി നേരിടുന്നതിനായി കുട്ടനാടിനായി സഹകരണ മേഖലയില്‍ പ്രത്യേക വായ്പാ പദ്ധതി നടപ്പാക്കും. വെള്ളം ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ശുചിത്വമിഷന് കുട്ടനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി.