കുട്ടാനാട്: ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വെള്ളപ്പൊക്ക അവലോകനയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചതില്‍ തുറന്നടിച്ച് മന്ത്രി തോമസ് ഐസക്. പ്രതിപക്ഷം മാറിനില്‍ക്കുന്നത് ശരിയല്ലെന്നും വിട്ടുനിന്നതുകൊണ്ട് ചെയ്യാനുളളത് ചെയ്യാതിരിക്കില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജില്ലയിലെ എംപിമാരായ കെസി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കുട്ടനാട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.
അതേസമയം, കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ യോഗത്തിത്തില്‍ തീരുമാനമായി. ഇതിനായി കേന്ദ്രസഹായം തേടും. ആലപ്പുഴയില്‍ ആയിരം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റെവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എല്ലാ വകുപ്പുകളിലും സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും. കുട്ടനാടിലെ അടിയന്തര സേവന ഓഫീസുകളെ വെള്ളപ്പൊക്കം ബാധിക്കാത്ത നിലയില്‍ ഉയര്‍ത്താന്‍ നടപടി സ്വീകരിക്കും. ജലനിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കും. വീട്, ബണ്ട് നിര്‍മാണങ്ങള്‍ക്ക് ശാസ്ത്രീയമാര്‍ഗങ്ങള്‍ തേടും.
പ്രളയക്കെടുതി നേരിടുന്നതിനായി കുട്ടനാടിനായി സഹകരണ മേഖലയില്‍ പ്രത്യേക വായ്പാ പദ്ധതി നടപ്പാക്കും. വെള്ളം ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ശുചിത്വമിഷന് കുട്ടനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി.