പൂച്ചാക്കല്‍: വിനോദസഞ്ചാരികളെ പറ്റിച്ച് ഹോട്ടലുകളില്‍ തട്ടികൂട്ട് സദ്യ ഒരുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ടൂറിസം വകുപ്പ്. ഓണസമയങ്ങളില്‍ തട്ടിക്കൂട്ട് സദ്യ ഒരുക്കി വിനോദ സഞ്ചാരികളെ പറ്റിച്ച് പണം ഉണ്ടാക്കുന്നത് വ്യാപകമായതോടെയാണ് നാട്ടുക്കാരുമായി കൈകോര്‍ത്ത് ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.
സഞ്ചാരികള്‍ക്ക് സദ്യയൊരുക്കാന്‍ താല്പര്യമുള്ളവര്ക്ക് ഈ മാസം 25 വരെ പുന്നമടയിലെ ജില്ലാ ടൂറിസം ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഈ പദ്ധതിപ്രകാരം 40 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും മഹാപ്രളയത്തെത്തുടര്ന്നു നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കുടുംബശ്രീയൂണിറ്റുകള്‍, കേറ്ററിങ് യൂണിറ്റുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, വീട്ടില്‍ ഊണ് നല്കുന്നവര് തുടങ്ങിയവര്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകാം. വിനോദസഞ്ചാരികള്‍ക്ക് കേരളത്തിലെ തനതു ഭക്ഷണം നല്‍കുന്നതിന് സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കി ടൂറിസം മിഷന് ഈ മാസം ആരംഭിക്കുന്ന ‘എക്സ്പീരിയന്‍സ് എത്നിക് ക്വിസീന്’ പദ്ധതിയുമുണ്ട്.
സംസ്ഥാനത്ത് 2000 യൂണിറ്റുകള്‍ ആരംഭിക്കാമാണ് പദ്ധതി. അതില്‍ ആദ്യഘട്ടത്തില്‍ 300 യൂണിറ്റുകളാണ് ആരംഭിക്കുന്നത്. റജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ വെബ് സൈറ്റിലും മൊബൈല്‍ ആപ്പിലും ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളില്‍ ജില്ലാ ടൂറിസം മിഷന്റെ ഉദ്യോഗസ്ഥര്‍ സന്ദര്ഷിക്കും. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നിര്‍ദേശങ്ങളും നല്‍കും. ഇത്തരം യൂണിറ്റുകളില്‍ വിലനിയന്ത്രിത പട്ടിക വെക്കണമെന്ന് നിര്‍ദേശമുണ്ട്.
അതിന് പുറമെ ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷം അഭിപ്രായങ്ങളുടം നിര്‍ദേശങ്ങളും രേഖപ്പെടുത്താന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മോശം അഭിപ്രായമാണെങ്കില്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും യൂണിറ്റിനെ നീക്കം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.