തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് ഓടില്ല. അറ്റകുറ്റപ്പണികള്‍ക്കു പുറമേ ജീവനക്കാരുടെ കുറവും ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമായെന്നാണ് റെയില്‍വെയുടെ ഔദ്യോഗിക സ്ഥിരീകരണം.
ഗുരുവായൂര്‍-തൃശ്ശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചര്‍ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. തൃശ്ശൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
മാസങ്ങളായി തീവണ്ടി റദ്ദാക്കുന്നത് അറ്റകുറ്റപ്പണികള്ക്കുവേണ്ടിയാണെന്ന് അറിയിച്ചിരുന്ന റെയില്‍വെ ആദ്യമായാണ് ജീവനക്കാരുടെ കുറവുണ്ടെന്ന വസ്തുത അംഗീകരിക്കുന്നത്. ലോക്കോ പൈലറ്റ് തസ്തികയില്‍ ഏറെകാലമായി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതും പ്രളയബാധിതപ്രദേശങ്ങളില്‍ താമസിച്ചിരുന്ന 20ഓളം ലോക്കോ പൈലറ്റുമാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നതും സ്ഥിതി രൂക്ഷമാക്കി.
തിരുവനന്തപുരം ഡിവിഷനില്‍ 525 ലോക്കോ പൈലറ്റ് തസ്തികകളുള്ളതില്‍ 420 പേര് മാത്രമാണുള്ളത്. സംസ്ഥാനത്തെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും തിരക്കുള്ളവയായതിനാല് അപ്രതീക്ഷിത റദ്ദാക്കല്‍ യാത്രക്കാരെ വലയ്ക്കുന്നതാണ്.