കണ്ണൂര്‍: ആറളം വനമേഖലയില്‍ ഉരുള്‍ പൊട്ടി. ഇതേത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെ ചീങ്കണ്ണിപുഴ, കക്കുവ പുഴ എന്നിവ കരകവിഞ്ഞു.
കണ്ണൂര്‍ ആറളം വന്യ ജീവി സങ്കേതത്തിന്റെ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ചീങ്കണ്ണിപ്പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി. കേളകം, കണിച്ചാര്‍ പഞ്ചായത്തുകളിലായി പുഴയുടെ വിവിധ ഭാഗങ്ങളിലായി പുഴ കരകവിഞ്ഞൊഴുകി.
കുട്ടികളുള്‍പ്പെടെ നിരവധി പേര് ഈ സമയം പുഴയില്‍ കുളിക്കാനും അലക്കാനുമായി ഉണ്ടായിരുന്നു. പൊലീസിന്റെ സമയോജിത ഇടപെടലിലൂടെ ആളുകളെ പുഴയില്‍നിന്ന് മാറ്റിയതിനെത്തുടര്‍ന്ന് അപകടം ഒഴിവായി. പ്രദേശത്ത് ഞായറാഴ്ച്ച മഴ പെയ്യാതിരുന്നിട്ടും പുഴയില്‍ അപ്രതീക്ഷിത വെള്ളപൊക്കമുണ്ടായത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.