പത്തനംതിട്ട: മണിയാര്‍ അണക്കെട്ടിനുണ്ടായ തകരാര്‍ ഉടനടി പരിഹരിക്കണമെന്നു വിദഗ്ധസംഘത്തിന്റെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ജലവിഭവമന്ത്രിക്കു സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്ന് ജലസേചനവകുപ്പ് ഉത്തരവിട്ടു.
നിലവില്‍ അപകടാവസ്ഥ ഇല്ലെങ്കിലും അടിയന്തരമായി തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നു ചീഫ് എന്‍ജിനീയര്‍ വ്യക്തമാക്കിയിരുന്നു.
അണക്കെട്ട് സന്ദര്‍ശിച്ചു പരിശോധന നടത്തിയ വിദഗ്ധസംഘം ഇന്നലെ വൈകിട്ടാണു റിപ്പോര്‍ട്ട് മന്ത്രിക്കു നല്‍കിയത്. മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗവും ചേര്‍ന്നു. ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനൊപ്പം സ്പില്‍വേ, ഗൈഡ് വാള് എന്നിവയുടെ അറ്റകുറ്റപണികളും നടത്തണം. ബെല്മൗത്തിന്റെ സംരക്ഷണഭിത്തികള്‍ ഇടിഞ്ഞുപോയതുകൂടാതെ ഡാമിന്റെ ട്രാഷ്റാക്കിനു സ്ഥാന ചലനം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്പില്‍വേയുടെ ഇടത് ഗൈഡ് വാളിന്റെ അടിഭാഗം തകര്‍ന്ന് 20 അടി ആഴത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു, രണ്ട് ഷട്ടറുകള്‍ തകര്‍ന്നു, ഇരുകരകളിലും നദിസംരക്ഷണ ഭിത്തി തകര്‍ന്നു തുടങ്ങിയ വിവരങ്ങളെല്ലാം റിപ്പോര്‍ട്ടാണു നല്‍കിയത്.