തിരുവനന്തപുരം: ജീവിതത്തില്‍ മാത്രമല്ല, പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിനു വേണ്ടിയും സര്‍ക്കാരിനൊപ്പം നിന്ന് മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും ഭാര്യമാര്‍. ഒരു മാസത്തെ പെന്ഷന് തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്താണ് നിറസാന്നിധ്യം ജീവിത പങ്കാളികള്‍ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്, മന്ത്രിമാരായ എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീല, ജി സുധാകരന്റെ ഭാര്യ ഡോ ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ് സുലേഖ, സിരവീന്ദ്രനാഥിന്റെ ഭാര്യ വിജയം എംകെ, കെ രാജുവിന്റെ ഭാര്യ ബി ഷീബ, എകെ ശശീന്ദ്രന്റെ ഭാര്യ എന്‍ടി അനിതകൃഷ്ണന്‍ എന്നിവരാണ് പെന്ഷന് തുക സംഭാവന ചെയ്തത്.
എല്ലാവരും ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നൂറ്റാണ്ടില്‍ കാണാത്ത പ്രളയമാണ് കേരളത്തെ തകര്‍ത്തെറിഞ്ഞത്. ഏറെ നാശം വിതച്ച പ്രകൃതി ദുരന്തത്തില്‍ നിന്നും കരകയറാന്‍ വലിയൊരു സമൂഹത്തിന്റെ പിന്തുണയാണ് ഇന്ന് സംസ്ഥാനത്തിന് ആവശ്യം. നവ കേരളം സൃഷ്ടിക്കാന്‍ നാം ഒറ്റകെട്ടായി നില്‍ക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് ഇന്ന് ഓരോ മലയാളികളുടെയും കാതില്‍ പ്രതിധ്വനിക്കുന്നത്.
കുഞ്ഞു കുട്ടികളുടെ കൊച്ചു സമ്പാദ്യം മുതല്‍ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമാണ് നവ കേരളം വാര്‍ത്തെടുക്കാന്‍ സഹായങ്ങള്‍ എത്തുന്നത്. അതില്‍ മലയാളികളുടെ ഉള്ളം പൊള്ളിക്കുന്ന സംഭാവനകളും ഉണ്ടെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രളയം തകര്‍ത്ത കേരളം പുതു കേരളമായി വാര്‍ത്തെടുക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പിന്തുണയാണ് ലഭിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് ജീവിത പങ്കാളികളുടെ സംഭാവന.