തിരുവനന്തപുരം: പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിനെ വാര്‍ത്തെടുക്കാന്‍ താരവ്യത്യാസമില്ലാതെ മലയാളികളായി നാം പ്രവര്‍ത്തിക്കേണ്ടതാണെന്ന് ചലച്ചിത്ര താരം ഷീല. നവ കേരളം സൃഷ്ടിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും താരം പറയുന്നു.
വളരെ കുറഞ്ഞ തുക മാത്രമാണ് സിനിമാ താരങ്ങള്‍ എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്നും, കോടികള്‍ പ്രതിഫലം പറ്റുന്നവര്‍ക്ക് അത് മാത്രമെ സാധിക്കുള്ളൂവെന്നും ഷീല തുറന്നടിച്ചു. സിനിമാ താരങ്ങള്‍ കുറഞ്ഞപക്ഷം ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രതിഫലം എങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഷീല അഭിപ്രായപ്പെട്ടു. ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്കിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു താരം.
അന്യഭാഷ നടന്മാര് പോലും ഭീമമായ തുകകള്‍ വാഗ്ദാനം ചെയ്തപ്പോള്‍, മലയാളി താരങ്ങള്‍ വളരെ കുറഞ്ഞ തുക മാത്രമാണ് നല്‍കിയതെന്ന പരാതി സോഷ്യല്‍ മീഡിയയില്‍ ആദ്യഘട്ടം മുതല്‍ ഉണ്ടായിരുന്നു. യുവതാരങ്ങളായ ഇന്ദ്രജിത്ത്, ടോവീനോ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് രംഗത്തിറങ്ങുകയും ചെയ്തിരുന്നു.