തിരുവനന്തപുരം: കേരളത്തിന്റെ പ്രളയകെടുതിയിലേയ്ക്ക് മനസു നിറഞ്ഞ് ഒരു കോടി രൂപ സംഭാവന ചെയ്ത തെലുങ്ക് താരം പ്രഭാസ് മലയാള താരങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി കൂട്ടിച്ചേര്‍ത്തു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്കരിച്ച കെയര്‍ കേരള പദ്ധതിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
സഹകരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയിലൂടെ ആയിരത്തി അഞ്ഞൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കാനാണ് തീരുമാനം. 75 കോടിരൂപ സംഘങ്ങളില്‍ നിന്നും സമാഹരിച്ചേക്കും. മലയാള സിനിമാ താരങ്ങള്‍ ഒരു സിനിമയുടെ പ്രതിഫലം എങ്കിലും പ്രളയദുരിതാശ്വാസത്തിലേക്കായി നല്‍കണമെന്ന് മുതിര്‍ന്ന നടി ഷീലയും നേരത്തെ പറഞ്ഞിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിനു താരനിശ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.