കൊച്ചി: അന്യസംസ്ഥാന തൊഴിലാളിയായ മുര്‍ഷിദാബാദ് സ്വദേശി മഹാബുള്‍ മണ്ഡലിന്റെ മൃതദേഹം സ്വദേശത്തെത്തിക്കാന് സാധിക്കാതെ മൂന്നു ദിവസമായി മോര്‍ച്ചറിയിലാണ്. മൂന്ന് ദിവസം മുമ്പാണ് എറണാകുളം ജില്ലയിലെ കാലടിയിലും പരിസര പ്രദേശങ്ങളിലും കൂലിജോലി ചെയ്തിരുന്ന മഹാബുള്‍ മണ്ഡല് എന്ന മുര്‍ഷിദാബാദ് സ്വദേശി മരണമടഞ്ഞത്. വ്യാഴാഴ്ച രാത്രി താമസ സ്ഥലത്ത് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ നിരുത്തരവാദിത്വപരമായി നിലപാടാണ് എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് പീപ്പിള്‍സ് യൂണിയന് ഫോര്‍ ജസ്റ്റിസ് കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. -ജില്ലാ ഭരണകൂടവുമായും കളക്ടറുടെ ഓഫീസുമായും ബന്ധപ്പെട്ടപ്പോള്‍ നോക്കാം എന്ന് മാത്രമാണ് അവര്‍ നല്കുന്ന മറുപടി. കളക്ടറുടെ ഓഫീസില്‍ നിന്ന് പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് ദിവസമായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള നടപടികള്‍ ഇന്ന് ആരംഭിച്ചിട്ടേയുള്ളൂ. ഭക്ഷണം പോലും കഴിക്കാതെ മഹാബുളിന്റെ അമ്മയും ഭാര്യയും രണ്ട് മക്കളും മൃതദേഹം എത്തുന്നത് കാത്തിരിക്കുകയാണ്. എറണാകുളം ജനറല്‍ ഹോസ്പിറ്റലിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.- ജോര്‍ജ്ജ് പറയുന്നു.
മഹാബുള്‍ മണ്ഡലിനൊപ്പം അയാളുടെ ബന്ധുവായ രാഹുല്‍ ഷേക്ക് മാത്രമാണ് കൂടെയുള്ളത്. മൃതദേഹം കേരളസര്‍ക്കാര്‍ നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആ കുടുംബം കാത്തിരിക്കുന്നത്. മഹാബുള്‍ മണ്ഡല് ഒറ്റപ്പെട്ട സംഭവമല്ല, ഇതുപോലെ നൂറ് കണക്കിന് അന്യസംസ്ഥാനതൊഴിലാളികളാണ് കേരളത്തിലെ മരണപ്പെടുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ പലപ്പോഴും സ്വദേശത്ത് എത്താറില്ല. ഇവിടെത്തന്നെ സംസ്കരിക്കുകയാണ് പതിവ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള തണുപ്പന്‍ സമീപനമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ജോര്‍ജ്ജ് കൂട്ടിച്ചേര്‍ക്കുന്നു.
മൃതദേഹം മുര്‍ഷിദാബാദില്‍ എത്തിക്കാന്‍ ഇരുപത്താറായിരം രൂപയാണ് ചെലവ് വരുന്നത്. അതില്‍ പതിനാറായിരം രൂപ മുര്‍ഷിബാദ് കളക്ടര്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തൊഴില്‍ വകുപ്പും ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് നേരിടുന്ന പ്രതിസന്ധി. കളക്ടര്‍ രാജമാണിക്യത്തെ ബന്ധപ്പെടാന്‍ മുര്‍ഷിദാബാദ് കളക്ടര്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല എന്ന് പറയുന്നു. എത്രയും വേഗം മഹാബുളിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും കളക്ടര്‍ രാജമാണിക്യത്തിനും അപേക്ഷ നല്‍കിയിട്ടുണ്ട്.