ആലപ്പുഴ: പ്രളയം ജാനകിയമ്മയുടെ വീടിനെ മാത്രമല്ല, കുടുംബാംഗങ്ങളെയും വഴിപിരിച്ചു. ദുരിതാശ്വാസ ക്യാംപില്‍ നിന്നും മടങ്ങുന്ന ജാനകിയമ്മയ്ക്ക് മക്കള്‍ എവിടെയാണെന്ന ആശങ്കകള്‍ മാത്രമാണ് ബാക്കി. മക്കളും അവരുടെ ഭാര്യയും കൊച്ചുമക്കളും കോട്ടയത്തെ ഏതോ ക്യാംപിലാണെന്നു മാത്രമെ ഇവര്‍ക്ക് അറിവുള്ളൂ. പ്രളയം തകര്‍ത്ത വീടിന്റെ നിലവിലെ അവസ്ഥ എന്താണെന്നും ജാനകിയമ്മയ്ക്ക് അറിവില്ല.
ജീവിതത്തില്‍ ആദ്യമായി കണ്ട പ്രളയത്തിന്റെ നടുക്കത്തില്‍ നിന്നും ഇപ്പോഴും മുക്തയായിട്ടില്ല കുട്ടനാട് കുപ്പപ്പുറം വാവട്ടുശ്ശേരി വീട്ടിലെ ഈ 80 വയസുകാരി. കര്‍ക്കിടകം ഒന്നിന് വീട്ടില്‍ വെള്ളം കയറിയതാണ്. അന്ന് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി വീട് വിട്ടു. കുറേ ദിവസം കുപ്പപ്പുറത്തെ ഉയര്‍ന്ന സ്ഥലങ്ങളില്‍ മാറിമാറി കഴിഞ്ഞു. ചിങ്ങം ഒന്നിന് ക്യാമ്പിലേക്ക് മാറി. ഒരു മാസത്തിന് മുകളിലായി വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട്. കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ജാനകിയമ്മ ഇതുവരെ.
ആഴ്ചകളായുള്ള ക്യാമ്പുവാസത്തിനുശേഷം നിരവധി കുട്ടനാട്ടുകാര്‍ ജന്മനാട്ടിലേയ്ക്ക് തിരിച്ചെത്തി. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ശുചീകരണ ദൗത്യത്തോടെ കൈനകരി ഒഴികെയുള്ള കുട്ടനാട്ടിലെ 90 ശതമാനം വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിച്ചിരുന്നു. ഇതോടെയാണ് ക്യാംപംഗങ്ങള്‍ക്ക് മടങ്ങിപ്പോക്കിനുള്ള അവസരം ഒരുങ്ങിയത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ജനങ്ങള്‍ വീടുകളിലേക്കു മടങ്ങിയതോടെ ആലപ്പുഴ ജില്ലയില്‍ തുടങ്ങിയ ക്യാമ്പുകളുടെ എണ്ണം 92 ആയി കുറഞ്ഞു. 17,805 അംഗങ്ങള്‍ മാത്രണാണ് ഇനി ക്യാമ്പുകളില്‍ അവശേഷിക്കുന്നത്.