കൊച്ചി: പ്രളയക്കെടുതിയില്‍ അധിജീവിക്കുന്ന സംസ്ഥാനത്തിന് ഇരുട്ടടിയായി പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്. ഡീസല്‍ വില റെക്കോര്‍ഡ് നിലവാരത്തിലേയ്ക്ക് ഉയരുകയാണ്. കൊച്ചി നഗരത്തില്‍ ഡീസല്‍ വില വെള്ളിയാഴ്ച 73.97 രൂപയിലേക്ക് ഉയര്‍ന്നു. നഗര പരിധിക്കു പുറത്ത് വില 74 രൂപ കടന്നിട്ടുണ്ട്. പെട്രോളിനാകട്ടെ 80.46 രൂപയാണ് വില. മേയ് 30-ന് രേഖപ്പെടുത്തിയ 81.32 രൂപ (പെട്രോള്‍) യും 73.99 രൂപ (ഡീസല്‍) യുമാണ് കൊച്ചി നഗരത്തില്‍ ഇതുവരെയുള്ള റെക്കോഡ് വില.
ഒരു മാസം കൊണ്ട് പെട്രോളിന് 2.26 രൂപയും ഡീസലിന് 2.52 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പലയിടത്തും വെള്ളിയാഴ്ച തന്നെ ഡീസല്‍ വില 75 രൂപ കടന്നു. കൊച്ചിയെ അപേക്ഷിച്ച് ലിറ്ററിന് ശരാശരി ഒരു രൂപ കൂടുതലാണ് തിരുവനന്തപുരത്ത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതിനോടൊപ്പം രൂപയുടെ മൂല്യം റെക്കോഡ് നിലവാരത്തിലേക്ക് ഇടിയുന്നത് കേരളത്തില്‍ ഇന്ധനവില ഇനിയും ഉയരാന്‍ ഇടയാക്കും.
പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് ഇന്ധനവില വര്‍ധന കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തെ വിലവര്‍ധനയില്‍നിന്ന് തത്കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രളയക്കെടുതിക്കിടെ അവശ്യസാധനങ്ങളുടെ വിലവര്ധനയുണ്ടാകാന് ഇന്ധനവില വര്‍ധന കാരണമാകും.