തിരുവനന്തപുരം: മഹാപ്രളയത്തില്‍ തകര്‍ന്ന പമ്പ പുനര്‍നിര്‍മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുനര്‍നിര്‍മാണത്തിന്റെ ചുമതല ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നല്കാന് തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി വേണു, കെ ആര് ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക് നാഥ് ബെഹ്റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നവംബര്‍ 17-നാണ് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുളള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെപിഎം ജിയെ നിയമിക്കാന്‍ തീരുമാനിച്ചു. കെപിഎം ജിയുടെ സേവനം സൗജന്യമായിരിക്കും.