വാടാനപ്പള്ളി: ദുരിതാശ്വാസ കേന്ദ്രത്തില്‍ സ്വന്തം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടത്തേണ്ടി വന്ന വിഷമത്തിലാണ് ചാമ്പാടം നെമ്പട്ടി രാഗേഷ് രമ്യ ദമ്പതികള്‍. ആഘോഷങ്ങളോടെയും ആരവങ്ങളോടെയും നടത്താനിരുന്ന പരിപാടിയാണ് പ്രളയത്തില്‍ തകര്‍ന്നടിഞ്ഞത്. ഒടുവില്‍ മകന്റെ 90-ാം ദിനത്തില്‍ ദുരിതാശ്വ ക്യാംപില്‍ ചടങ്ങ് നടത്തി. ഒരു സമ്മാനം പോലും വാങ്ങാന്‍ കഴിയാതിരുന്ന തന്റെ മോന് ഭാഗ്യമില്ലാത്ത കുട്ടിയാണോ എന്ന് അമ്മ ചോദിച്ചപ്പോള്‍, കേട്ടുനിന്ന ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരിക്ക് സഹിച്ചില്ല. കൈയ്യില്‍ കിടന്ന വള ഊരി അവര്‍ അവനു സമ്മാനമായി നല്കി.
രാഗേഷ് രമ്യ ദമ്പതികളുടെ മകന് ആദിഖേഷിനാണ് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് മൂര്‍ക്കനിക്കര കൈനൂര്‍ പാറപ്പുറത്ത് വിഷ്ണു നികേതനില്‍ രേഖ കെ നായരാണ് വള സമ്മാനിച്ചത്. പൊതുസ്ഥാപനങ്ങള്‍ ശുചീകരിക്കുന്നതിന് എത്തിയ ബ്ലോക്ക് പഞ്ചായത്ത് ജിവനക്കാര്‍ ക്യാംപ് നടക്കുന്ന വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ സന്ദര്‍ശനം നടത്തവെയാണ് രമ്യ തന്റെ സങ്കടം പങ്കുവെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ആദ്യം ബോധാനന്ദവിലാസം സ്കൂളിലും പിന്നീട് ദാറുല്‍ അമാന്‍ അറബി കോളജിലെ ക്യാംപിലുമായിരുന്നു രാഗേഷിന്റെ കുടുംബം. കഴിഞ്ഞ ദിവസമാണ് വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുരയിലേക്ക് മാറിയത്. പേരിടല്‍ ചടങ്ങിന്റെ ഭാഗമായി ക്യാംപിലുള്ളവരും സന്ദര്‍ശനത്തിനെത്തിയ ജീവനക്കാരുമെല്ലാം ഒന്നിച്ച് പായസമടക്കം ഭക്ഷണവും കഴിച്ചു.