കൊച്ചി: സംസ്ഥാനത്തെ പിടിച്ചുലച്ച മഹാപ്രളയത്തില്‍ നിന്നും കരകയറാന്‍ കേരളത്തെ സഹായിക്കാന്‍ കൈകോര്‍ക്കുന്നവരാണ് മലയാളികള്‍. കൈയ്യില്‍ എന്താണുള്ളതെങ്കിലും അത് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുകയാണ് നാം. ഒറ്റകെട്ടായി മുന്നേറുന്ന അതിജീവിക്കുന്ന സംസ്ഥാനത്തിന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമാണ് സംഭാവന എത്തുന്നത്. കുഞ്ഞു കുട്ടികളുടെ കുഞ്ഞു സമ്പാദ്യം മുതല്‍ കോടികളാണ് നിധിയിലേയ്ക്ക് ഒഴുകുന്നത്. അവയില്‍ മലയാളികളുടെ മനസിന് വിങ്ങലായി ഒരു സംഭാവന എത്തിയിരിക്കുകയാണ്.
കൈയ്യില്‍ ഒരു കിഴിയുമായി വടിയും കുത്തിപിടിച്ച് നാലു കിലോമീറ്റര്‍ നടന്നു വന്ന മനുഷ്യന്റെ സംഭാവനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തെരുവില്‍ ഭിക്ഷയെടുക്കുന്ന മോഹനന് എന്ന പഴയ ആനക്കാരനാണ് ഈരാറ്റുപേട്ട മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് ടിഎം റഷീദിന്റെ വീട്ടിലെത്തിയത്. കൈയ്യില്‍ കരുതിയിരുന്ന മുഷിഞ്ഞ നോട്ടുകളും, നാണയതുട്ടുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നീട്ടി. അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിനിടയിലും പത്രം കൃത്യമായി വായിക്കാന്‍ മോഹനന് ശ്രമിക്കുന്നതാണ് അദ്ദേഹത്തെ ചെയര്‍മാന്റെ വീട്ടിലെത്തിച്ചത്.
പണത്തിനു വന്നതായിരിക്കുമെന്നു കരുതി മോഹനനു നേരെ റഷീദ് ഇരുപതു രൂപ നീട്ടി. എന്നാല്‍ ആ വീടിന്റെ പടിയിലിരുന്നു കയ്യില്‍ കരുതിയ മുഷിഞ്ഞ നോട്ടുകളും ചില്ലറകളും എണ്ണി തിട്ടപ്പെടുത്തി മോഹനന് ആ തുക റഷീദിനു നേരെ നീട്ടി . 94 രൂപ. ”മുഖ്യമന്ത്രി സാറിന്റെ ദുരിതാശ്വാസ ഫണ്ടിേലക്ക് കൊടുക്കണം. എനിക്ക് അറിയില്ല എങ്ങനെയാ പണം നല്‍കേണ്ടതെന്ന്. സാര്‍ ചെയ്താ മതി.” ഇത്രയും പറഞ്ഞ് അയാള്‍ നടന്നകന്നു. പൂഞ്ഞാര്‍ കല്ലേക്കുളം സ്വദേശിയാണ് മോഹനന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന പട്ടകൊണ്ട് അടിച്ചതിനെത്തുടര്‍ന്നാണ് മോഹന്റെ ഒരു കാലിന് സ്വാധീനം നഷ്ടമായത്.
ജീവിതത്തിലുണ്ടായ പരുക്ക് ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ചെങ്കിലും ആ മനസിന്റെ വലിപ്പം എത്രയോ വലുതാണെന്ന് ആ ചില്ലറത്തുട്ട് കയ്യില്‍ പിടിച്ച് കൊണ്ട് ഓര്‍ത്തുപോയെന്ന് റഷീദ് പറയുന്നു. മോഹനന് പകര്‍ന്ന ഊര്‍ജം നാടിന് മാത്യകയാവാനാണ് അനുഭവം സമൂഹമാധ്യമത്തില്‍ കുറിച്ചതെന്നും തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നും റഷീദ് അറിയിച്ചു.