കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. 2002ല്‍ സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയുണ്ടായെന്ന ആരോപണവുമായി വിഡി സതീശന് എംഎല്‍എ രംഗത്തെത്തി. എന്ത് രക്ഷാപ്രവര്‍ത്തനം നടത്തിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് എന്നു പറഞ്ഞുകൊണ്ടായിരുന്നു സതീശന്റെ വിമര്‍ശനം.
ആദ്യദിവസം ഒരു രക്ഷാപ്രവര്‍ത്തനവും നടത്തിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനങ്ങിയില്ല. ഐപി എസുകാരെയും ഐഎഎസുകാരെയും വെച്ച് രക്ഷാപ്രവര്‍ത്തനം നല്‍കിയെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. രണ്ട് സി ഐയേയും രണ്ട് എസ് ഐയേയും അടക്കം ഏഴ് പോലീസുകാരെ വെച്ചിട്ടാണ് 25000 പേര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും വി ഡി സതീശന് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് പ്രളയദുരന്തത്തില്‍ മരിച്ചത് 483 പേര്. 14 പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. 140 പേര് ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.