തിരുവനന്തപുരം: നിയമസഭയില്‍ നടന്ന ചര്‍ച്ചക്കിടെ സഹായധനം കൂടുതല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട സിപിഐ എംഎല്‍എയോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിനോട് കടുത്ത സ്വരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം നല്‍കണമെന്നായിരുന്നു സിപിഐ എംഎല്‍എ ആവശ്യപ്പെട്ടത്.
പ്രളയത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഇപ്പോള്‍ നില്ക്കുന്നതില് നിന്ന് അല്പം കൂടി ഉയര്‍ത്തി 25 ലക്ഷം രൂപയാക്കണമെന്നും പരിക്കുപറ്റിയവര്‍ക്കുള്ള നഷ്ടപരിഹാരം ഉയര്‍ത്തണമെന്നും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നഷ്ടപരിഹാരവും ഉയര്‍ത്തണമെന്നും കൃഷി നഷ്ടപ്പെട്ടവരുള്‍പ്പെടെ, ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാന്‍ പറ്റുന്നത് സംബന്ധിച്ചുള്ള ആലോചന നടത്തണമെന്നുമായിരുന്നു എംഎല്‍എ പറഞ്ഞത്.
ഇത് കേട്ടതോടെ കസേരയില്‍ നിന്ന് എഴുന്നേറ്റ മുഖ്യമന്ത്രി സര്‍ക്കാര്‍ സഹായധനത്തെക്കുറിച്ച് വല്ല ധാരണയുമുണ്ടോയെന്ന് എല്‍ദോയോട് ചോദിക്കുകയായിരുന്നു. ‘കേന്ദ്രം അനുവദിച്ചത് എത്രയാണ്..? സംസ്ഥാനം അനുവദിച്ചത് എത്രയാണ്…? സംസ്ഥാനം എത്രയാണ് കൂട്ടിയിട്ടുള്ളത് എന്നൊക്കെ സംബന്ധിച്ച് അംഗത്തിന് വല്ല ധാരണയുമുണ്ടോ എന്താ സ്ഥിതി? ‘ മുഖ്യമന്ത്രി തുറന്നു ചോദിച്ചു.
ഒരുവേള സ്തംബ്ധനായ എംഎല്‍എ കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന സഹായം അപര്യാപ്തമാണ് എന്നതില്‍ സംശമില്ലെന്നും കേരളത്തിന്റെ ധനസ്ഥിതി എല്ലാം പരിഗണിച്ച്, നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. സഹായധനം കൂട്ടണമെന്നും മലങ്കര ഡാം തുറന്നതില്‍ വീഴ്ചയുണ്ടായെന്നും എല്‍ദോ പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.