തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണയും വന്‍ഹിറ്റ്. ഇത്തവണ ഓണക്കിറ്റ് വിതരണം ഓണത്തിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തുണി സഞ്ചി ഉള്‍പ്പടെ 17 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് വിതരണം ചെയ്യുന്നത്. ആയിരം രൂപയുടെ ഉത്പന്നങ്ങളാണ് ഓരോ കുടുംബത്തിനുമുള്ള കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 23,24 തീയതികളില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തിയതികളില്‍ നീല കാര്‍ഡ് ഉളളവര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തിയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6,7 തിയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല.
ആദ്യ ഘട്ടത്തില്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് മാത്രമേ കിറ്റ് വാങ്ങാന്‍ അനുവാദം ഉണ്ടാകൂ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. പോര്‍ട്ടബിലിറ്റി സൗകര്യം ഉണ്ടാവില്ല. എന്നാല്‍ സെപ്തബര്‍ 4, 5, 6, 7 തീയതികളില്‍ ഏത് റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാന്‍ അവസരം ഉണ്ടാകും. അടുത്ത മാസം നാലിന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതിന് പകരം സെപ്തംബര്‍ 16ന് റേഷകന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള ഭക്ഷ്യക്കിറ്റ് വാതില്‍പ്പടി സേവനമായി നല്‍കും.
കിറ്റിലുള്ളത്…
മട്ട അരി(വടി) ജയ/കുറുവ 3 കി.ഗ്രാം
പഞ്ചസാര 1 കി.ഗ്രാം
തുവരപ്പരിപ്പ് 500 ഗ്രാം
ചെറുപയര്‍ പരിപ്പ് 500 ഗ്രാം
ഉഴുന്ന് 500 ഗ്രാം
ശബരി കടുക് 100 ഗ്രാം
ശബരി ഉലുവ 100 ഗ്രാം
ശബരി ജീരകം 100 ഗ്രാം
ബിസ്ക്കറ്റ് 1 പാക്കറ്റ്
ശബരി മല്ലിപ്പൊടി 100 ഗ്രാം
ശബരി സാമ്പാര്‍ പൊടി 100 ഗ്രാം
പായസക്കൂട്ട് 50 ഗ്രാം
ശബരി തേയില-ഗോള്‍ഡ് 250 ഗ്രാം
ശബരി വെളിച്ചെണ്ണ 1 ലിറ്റര്‍
ശര്‍ക്കര (ബ്രാന്‍ഡഡ്) 1 കി.ഗ്രാം
തുണിസഞ്ചി 1 എണ്ണം
കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ജനങ്ങളുടെ മനസ്സിലുളള കാര്യങ്ങള്‍ അറിയുന്ന സര്‍ക്കാര്‍ ആണ് ഇവിടെയുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ രണ്ട് വര്‍ഷം കൊണ്ട് 9,746 കോടി രൂപ ചെലവിട്ടതായി മുഖ്യമന്ത്രി അറിയിച്ചു.