തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഇന്നും നാളെയും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് രണ്ട് ദിവസത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ വീണ്ടും പടിഞ്ഞാറന്‍ കാറ്റ് സജീവമായതിന്റെ ഫലമായാണ് മഴ വീണ്ടും എത്തിയത്. മുന്നറിയിപ്പ് പ്രകാരം 27-ാം തീയതി വരെ മഴ തുടരും.
എന്നാല്‍ 25ന് അഞ്ചു ജില്ലകളിലും, 26നും 27നും രണ്ട് ജില്ലകളിലും മാത്രമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴ മുന്നറിയിപ്പ് സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.