കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ കേസ് നല്കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമമെന്ന് പരാതി. കുറവിലങ്ങാട് പൊലീസിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കന്യാസ്ത്രീ സഞ്ചരിക്കുന്ന കാറിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ ശ്രമം നടന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
കന്യാസ്ത്രീ താമസിക്കുന്ന മഠത്തില്‍ അന്യ സംസ്ഥാന തൊഴിലാളി ജോലി ചെയ്യുന്നുണ്ട്. ഇയാളുടെ പക്കല്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധു കന്യാസ്ത്രീയുടെ യാത്രാവിവരങ്ങള്‍ തിരക്കിയെന്നും ഏതു കാറിലാണ് പുറത്തേക്ക് പോകുന്നതെന്നുമുളള കാര്യങ്ങള്‍ തിരക്കിയെന്നാണ് പരാതിയിലുളളത്. ഫോണില്‍ വിളിച്ചാണ് കാര്യങ്ങള്‍ തിരക്കിയതെന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
പരാതിയില്‍ പൊലീസ് കേസ് റജിസറ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ലോറന്‍സ് എന്ന വൈദികന്റെ അനിയനാണ് ജീവനക്കാരനെ വിളിച്ചതെന്നും മുമ്പും ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കന്യാസ്ത്രീയുടെ സഹോദരന് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ബലാത്സംഗ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ജലന്ധര്‍ ബിഷപ് ഹൗസിലെത്തിയാണ് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വൈകുകയാണ്.
2014 മേയില്‍ ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠം ഗസ്റ്റ് ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടര്‍ന്നുവെന്നുമാണ് കന്യാസ്ത്രീയുടെ പരാതി.
എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാനസികമായും പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. പീഡിപ്പിക്കപ്പെട്ടതായി കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് കുറവിലങ്ങാട് ഉണ്ടായിരുന്നുവെന്ന് റജിസ്റ്റര്‍ പരിശോധിച്ചതില്‍നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.