ചവറ: പട്ടാപ്പകല്‍ കോളേജിന്റെ ഗേറ്റ് മോഷ്ടിച്ച് ആക്രി കടയില്‍ വിറ്റ പ്രതികള്‍ പിടിയില്‍. ചവറ തോട്ടിന് വടക്ക് രഘു ഭവനത്തില്‍ കുഞ്ഞുമോന് (37), തോട്ടിന് വടക്ക് നാസര്‍ മന്‍സിലില്‍ ആബിദ് (29) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.
ശങ്കരമംഗലം ബിജെഎം സര്‍ക്കാര്‍ കോളേജിന്റെ ഗേറ്റാണ് പ്രതികള്‍ പട്ടാപ്പകല്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോറിക്ഷയിലെത്തിയ ഇവര്‍ ഗേറ്റ് മോഷ്ടിച്ച് ആക്രികടയില്‍ വില്‍ക്കുകയായിരുന്നു. കോളേജ് അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നല്ലേഴ്ത്ത് മുക്കിന് സമീപമുള്ള ആക്രികടയില്‍ നിന്ന് പൊലീസ് കോളേജ് ഗേറ്റ് കണ്ടെത്തുകയായിരുന്നു. ഗേറ്റ് വിറ്റ് ലഭിച്ച പണവുമായി സമീപത്തുള്ള ബാറില്‍ ഇരുന്ന് മദ്യപിക്കുമ്പോഴാണ് പൊലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്.
മദ്യപിക്കാനുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ പൊലീസില്‍ മൊഴി നല്കി. ചവറ ഇന്‍സ്പെക്ടര്‍ യു പി വിപിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ് ഐ മാരായ നൗഫല്‍, ജിബി, മദനന്, എ എസ് ഐ ഗോപാലകൃഷ്ണന്, എ സ് സി പി ഒ തമ്പി, സി പി ഒ രതീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍.