കണ്ണൂര്‍: കുഞ്ഞനുജന്റെ ചികിത്സയ്ക്കായി സുമനസ്സുകളോട് സഹായം അഭ്യര്‍ത്ഥിച്ച സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അസുഖം മൂര്‍ച്ഛിച്ചതിന് പിന്നാലെ കുറച്ചു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഫ്ര. പിന്നാലെ ആരോഗ്യനില വഷളായി കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
അഫ്രയ്ക്ക് എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു.
ഇതിനിടയിലാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നാട്ടുകാരും പ്രിയപ്പെട്ടവരുമെല്ലാം അസുഖം മാറി അഫ്ര തിരിച്ചുവരുന്നതു കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. അഫ്രയുടെ മരണത്തില്‍ ഒരുനാട് മുഴുവന്‍ സങ്കടക്കടലിലായിരിക്കുകയാണ്.
അഫ്രയെ പോലെ തന്നെ എസ്എംഎ എന്ന അപൂര്‍വ ജനിതകരോഗം കുഞ്ഞനിയന് മുഹമ്മദിനെയും ബാധിച്ചിരുന്നു. അനുജന് മരുന്നു വാങ്ങാന്‍ സഹായിക്കണമെന്ന്, ഇതേ രോഗം ബാധിച്ച അഫ്ര വില്‍ചെയറില്‍ ഇരുന്നുകൊണ്ട് അഭ്യര്‍ഥിച്ചത് ലോകം മുഴുവന്‍ കേട്ടിരുന്നു.
അഫ്ര സഹോദരനുവേണ്ടി 18 കോടി രൂപയുടെ മരുന്ന് ഇറക്കുമതി ചെയ്യാനാണ് സഹായം ചോദിച്ചത്. ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാകരുതെന്നു പറഞ്ഞ അഫ്രയുടെ വാക്കുകള്‍ കണ്ണീരോര്‍മ്മയാണ്. അഫ്രയുടെ വാക്കുകേട്ട് സുമനസ്സുകള്‍ പണം സ്വരൂപിച്ചത് വലിയ വാര്‍ത്തയായിരുന്നു.