കൊല്ലം: തെന്നിന്ത്യന്‍ താരം സൂര്യയുടെ പിറന്നാള്‍ ആഘോഷിച്ച സ്വകാര്യ ബസ്സിനെ കൈയ്യോടെ പിടികൂടി ട്രാഫിക് പോലീസ്. ബലൂണും പോസ്റ്ററും കെട്ടി അപകടകരമായ യാത്ര ശ്രദ്ധയില്‍പ്പെട്ടതോടെ ബസിനെ പിടികൂടി ഉടമയെക്കൊണ്ട് പിഴയടപ്പിച്ചു.
കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ചവറ – കൊട്ടിയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിനെയാണ് പൊലീസ് പിടികൂടിയത്. സൂര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ബസിനു മുന്നില്‍ ബലൂണുകളും പോസ്റ്ററും പതിപ്പിച്ച് സര്‍വീസ് നടത്തിയത്.
ഡ്രൈവറുടെ സൈഡിലെ ഗ്ളാസ് മറയുന്ന രീതിയിലാണ് വാഹനത്തില്‍ ബലൂണുകളും ഹാരവും കിടന്നിരുന്നത് എന്നും വാഹനത്തിന്റെ ഇടതു ഭാഗം പൂര്‍ണമായും കാണാന്‍ സാധിക്കാത്ത നിലയിലായിരുന്നു എന്നും പൊലീസ് പറഞ്ഞു. വാഹനത്തിന്റെ അപകടകരമായ യാത്ര ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ കൊല്ലം സിറ്റി ട്രാഫിക് എസ്ഐ എം ഷഹാലുദ്ദീന്‍ താലൂക്ക് കച്ചേരിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് സംഘത്തിനു നിര്‍ദേശം നല്കി.
തുടര്‍ന്ന് വാഹനം പിടികൂടുകയായിരുന്നു. വാഹനത്തിന്റെ മുന്നിലെ ഗ്ലാസില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററും ബലൂണുകളും ട്രാഫിക് എസ്ഐ നേരിട്ട് എത്തി നീക്കം ചെയ്യ്പ്പിച്ചു. ഒപ്പം അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയതിനു പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടു നല്‍കിയത്.