ആലപ്പുഴ: പഠനച്ചെലവിന് പണം കണ്ടെത്താന്‍ അച്ഛനൊപ്പം ലോട്ടറി വില്‍പ്പനയ്ക്കിറങ്ങി ബിഎഡ് വിദ്യാര്‍ത്ഥിയായ മകള്‍. ഹരിപ്പാട് വെട്ടുവേനി സ്വാമി മന്ദിരത്തില്‍ പി.രാജന്റെ മകള്‍ എസ്.പൂജ(27)യാണ് അവധി ദിവസങ്ങളില്‍ അച്ഛനൊപ്പം ലോട്ടറി വില്പ്പനയ്ക്കിറങ്ങുന്നത്.
പൂജയുടെ സ്വപ്നം അധ്യാപക ജോലിയാണ്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബത്തിന് പൂജയെ പഠിക്കാന്‍ വഴിയില്ല. ഇതോടെയാണ് തന്റെ ലക്ഷ്യത്തിലേക്ക് നടന്നടുക്കാന്‍ പൂജ ലോട്ടറി ടിക്കറ്റ് വില്പന കണ്ടെത്തിയത്. രാവിലെ ആറരയോടെ വീട്ടില്‍ നിന്നിറങ്ങി ദേശീയപാതയിലൂടെ 5 കിലോമീറ്റര്‍ നടന്നു താമല്ലാക്കല്‍ എത്തും. അവിടെ പെട്രോള്‍ പമ്പിലും ദേശീയപാതയോരത്തും ലോട്ടറി ടിക്കറ്റ് വില്‍ക്കും.
ശേഷം വൈകിട്ട് ആറു മണിയോടെ തിരിച്ചു വീട്ടിലേക്കു നടക്കും. ഒരു ദിവസം 120 ടിക്കറ്റ് വരെ വില്‍ക്കും. ഹരിപ്പാട്ടാണ് കുടുംബ വീടെങ്കിലും 27 വര്‍ഷം മുന്‍പ് കുടുംബം മലപ്പുറത്തേക്ക് താമസം മാറ്റിയിരുന്നു.കോവിഡ് കാലം പ്രതിസന്ധിയുടേതായിരുന്നു.
അമ്മ സിന്ധുവിന് ജോലിയില്ല. കൂലിപ്പണിക്കാരനായ പിതാവിന് വരുമാനമില്ല. പൂജയുടെയും സഹോദരിയുടെയും വിദ്യാഭ്യാസത്തിനുള്ള ചെലവു കണ്ടെത്താന്‍ കഴിയാതെ കുടുംബം ബുദ്ധിമുട്ടി. കോവിഡിന്റെ കാലം കഴിഞ്ഞതോടെ പിതാവ് ലോട്ടറി ടിക്കറ്റ് വില്പന തുടങ്ങിയത്.
പിന്നാലെ പൂജയും സഹായത്തിനിറങ്ങി. വിറ്റ ടിക്കറ്റിന് ചെറിയ സമ്മാനങ്ങള്‍ അടിക്കാറുണ്ട്. അതിന്റെ കമ്മിഷനും ലഭിക്കും. ഇതിനിടെ അമ്മ സിന്ധുവിന് മലപ്പുറത്തെ പെട്രോള്‍ പമ്പില്‍ ജോലി കിട്ടി. എല്ലാവരുടെയും വരുമാനം ഉപയോഗിച്ചു കതകും ജനലുകളുമില്ലാതിരുന്ന വീട് ഇപ്പോള്‍ അടച്ചുറപ്പുള്ളതാക്കി.
പഠനത്തിനു വേണ്ടിയാണ് ലോട്ടറി വില്ക്കുന്നെതെന്ന് അറിഞ്ഞ് ചിലര്‍ ടിക്കറ്റ് കൂടുതലായി വാങ്ങും. ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ എന്ന വ്യാജേന എത്തിയവര്‍ മോശമായി പെരുമാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു പൂജ പറയുന്നു.