കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് സ്വന്തം ഭൂമി നല്‍കാമെന്ന് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുല്ലക്കുട്ടി. ലക്ഷങ്ങള്‍ വിലമതിക്കുന്ന 15 സെന്റ് സ്ഥലമാണ് കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേയ്ക്ക് വിട്ടു നല്കാന് സന്നദ്ധത അറിയിച്ചത്.
നാലു കുടുംബങ്ങളെയെങ്കിലും ഈ സ്ഥലത്തു പുനരധിവസിപ്പിക്കാനാകുമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. ഭൂമി നല്‍കാനുള്ള സമ്മതം കെപിസിസി പ്രസിഡന്റിനെ അറിയിക്കും. ഇതിനു പുറമേ, മുന്‍ എംപിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു മാസത്തെ പെന്ഷന് 25700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും.
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ജീവിതം തുലാസിലായ സഹോദരങ്ങളെ സഹായിക്കാന്‍ കൂടുതല്‍ പേര് മുന്നോട്ടുവരുന്നതിനുള്ള പ്രചോദനമാകട്ടെ തന്റെ തീരുമാനമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. കണ്ണൂരില്‍നിന്നു രണ്ടു തവണ എംപിയായ അബ്ദുല്ലക്കുട്ടി, രണ്ടു തവണ എംഎല്‍എയുമായിരുന്നു.