കൊച്ചി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് മേജര്‍ രവി. കേരളത്തെയും മലയാളികളെയും അധിക്ഷേപിച്ച അര്‍ണാബ് ഒരു പമ്പര വിഡ്ഢിയാണെന്ന് തുറന്നടിച്ചു. ഞങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തി താഴ്ത്താന്‍ ശ്രമിച്ച നിങ്ങളോട് വെറുപ്പു തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യധാര മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടെയായിരുന്നു പരാമര്‍ശം.
മാധ്യമപ്രവര്ത്തകന് ആദ്യം വേണ്ടത് ദേശത്തോടുള്ള ബഹുമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച അര്‍ണാബിന് അങ്ങനെ പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്നും മേജര്‍ രവി ചോദിച്ചു. അര്‍ണാബിനോട് എനിക്ക് ഇപ്പോള്‍ സഹതാപം മാത്രമാണ്. എസി റൂമില്‍ ഇരുന്ന് കുറച്ച് വിവരങ്ങളും ശേഖരിച്ച് വായില്‍ തോന്നിയത് വിളിച്ചുപറയലല്ല മാധ്യമപ്രവര്‍ത്തനം. ആളുകള്‍ക്ക് ഇടയിലേയ്ക്ക് ഇറങ്ങണം.
കേരളത്തിലെത്തി ഇവിടെയുള്ളവരുടെ അവസ്ഥ മനസ്സിലാക്കണം. എന്നാലാണ് സത്യസന്ധമായ റിപ്പോര്‍ട്ടിങ് ഉണ്ടാകൂ. അപ്പോള്‍ മാത്രമാണ് സത്യങ്ങള്‍ വിളിച്ചുപറയാന്‍ കഴിയൂ. ഞാനുള്‍പ്പെടുന്ന മലയാളി സമൂഹത്തെയാണ് അര്‍ണബ് അധിക്ഷേപിച്ചത്. ഞാന്‍ പറയുന്നു, അര്‍ണബ് താങ്കളാണ് പമ്പര വിഡ്ഢി. ഞാന്‍ നിങ്ങളെ വെറുക്കുന്നു. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതക്കയത്തില്‍ നിന്നും കരകയറുകയാണ് ഞങ്ങള്‍. അതും ഒത്തൊരുമയോടെ ഒരേ മനസ്സോടെ ഒറ്റക്കെട്ടായാണ് കേരളം മുന്നോട്ട് പോകുന്നത്. ആ സാഹചര്യത്തില്‍ അര്‍ണബിനെപ്പോലുള്ളവരെ പുച്ഛിച്ച് തള്ളണമെന്നും മേജര്‍ രവി വ്യക്തമാക്കി.