പീച്ചി: മകളെ പോലെ വളര്‍ത്തിയ പെണ്‍കുട്ടിയെ വിവാഹ ദിവസം ക്ഷേത്രമുറ്റത്തു നിന്ന് സ്വന്തം പിതാവിന്റെ സ്ഥാനത്തു കൈപിടിച്ച് വരനെ ഏല്‍പ്പിച്ച് ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍. ഹരിതയും മാള അഷ്ടമിച്ചിറ അമ്പഴക്കാട് ശിവദാസും തമ്മിലുള്ള വിവാഹമാണ് മതസൗഹാര്‍ദത്തിന്റെ പുതിയ കാഴ്ചയായത്.
കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. 2 വയസ്സു മുതല്‍ ചെന്നായ്പാറയിലെ ദിവ്യ ഹൃദയാശ്രമത്തിലെ അംഗമാണ് ഹരിത. ഹരിയുടെ വിവാഹത്തിന് ‘ജോര്ജച്ചന്’ മുഖ്യ കാര്‍മികത്വം വഹിക്കുകയായിരുന്നു. അമ്മയോടൊപ്പം ദിവ്യ ഹൃദയാശ്രമത്തിലെ ജീവിതത്തിനിടയില്‍ പഠന സൗകര്യത്തിനാണു ഹരിത മാളയിലെ സെന്റ് തോമസ് യുപി സ്കൂള്‍ പൊയ്യയിലെത്തിയത്.
also read: ഉറക്കത്തില്‍ കടന്നുപിടിക്കാന്‍ ശ്രമം, 40കാരനെ കമ്പിവടി കൊണ്ട് അടിച്ചുകൊന്നു, 43കാരി അറസ്റ്റില്‍
5മുതല്‍ 7 വരെ ഹരിത പഠിച്ച അതേ ക്ലാസിലെ വിദ്യാര്‍ഥിയായിരുന്നു ശിവദാസ്. പിന്നീട് ഇരുവരും സ്കൂളുകള്‍ മാറി. ജീവിതത്തില്‍ ഇതിനിടെ ഒരിക്കല്‍ പോലും കണ്ടു മുട്ടിയില്ല. കഴിഞ്ഞമാസം ഇവിടെ ഒരുമിച്ചു പഠിച്ചവരുടെ സമൂഹമാധ്യമ ഗ്രൂപ്പില്‍ ഇരുവരും വീണ്ടും കണ്ടു.
സൗഹൃദം വളര്‍ന്നപ്പോള്‍ ഹരിതയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ശിവദാസ് മാതാപിതാക്കള്‍ മുഖേന ദിവ്യ ഹൃദയ ആശ്രമത്തിന്റെ ഡയറക്ടറും ഹരിതയുടെ വളര്‍ത്തച്ഛനുമായ ജോര്‍ജ് കണ്ണംപ്ലാക്കലിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 17ന് പുടവ കൊടുക്കുന്നതിനു ആശ്രമത്തില്‍ എത്തിയപ്പോഴാണു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പരസ്പരം കാണുന്നത് തന്നെ.
ദുബായില്‍ അക്കൗണ്ടന്റ് ആണ് ശിവദാസ്. അഹമ്മദാബാദില്‍ നഴ്സായി ജോലി ചെയ്യുകയാണ് ഹരിത. ഉടന്‍ തന്നെ ഇരുവരും ദുബായിലേക്ക് പോകും. എം സിബിഎസ് സന്യാസി സമൂഹത്തിലെ അംഗമായ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ ഹിന്ദുമതാചാരപ്രകാരം ചെമ്പൂത്ര, തൃക്കൂര്, മാന്ദാമംഗലം എന്നിവിടങ്ങളില്‍ നടന്ന വിവാഹങ്ങളില്‍ വധുവിന്റെ പിതാവിന്റെ സ്ഥാനത്തു നിന്ന് എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ചിരുന്നു.