തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഒരു മാസത്തെ ശമ്പളം ഒരുമിച്ച് നല്‍കുന്നതിന് പകരം മൂന്നു ദിവസത്തെ ശമ്പളം പത്തുമാസമായിട്ട് നല്കിയാലും മതിയെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന.
രാജ്യത്തിനകത്ത് നിന്ന് മാത്രമല്ല, വിദേശത്ത് നിന്നടക്കം വലിയ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ഏറ്റെടുത്തിരിക്കുകയാണ്.
കേരളത്തെ പുനര്‍നിര്‍മിക്കാന്‍ മലയാളികള്‍ മാത്രം മതിയെന്ന വികാരത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിപ്പിക്കുന്ന മെസേജുകളും കമന്റുകളും. അഭ്യര്‍ഥന ചില ചാനലുകളില്‍ നടത്തിയതിനു ശേഷം തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും മുഖ്യമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനുള്ള ലൈക്കും ഷെയറുകളും പതിനായിരങ്ങള്‍ ഇതിനകം കടന്നിട്ടുണ്ട്.
ഇതുകൂടാതെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ ഓരോ മിനുട്ടിലും നിരവധിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് വന്നു കൊണ്ടിരിക്കുന്നത്. കൂടാതെ പലരും മുന്‍കൂട്ടി ശമ്പളം അക്കൗണ്ടിലേയ്ക്ക് നല്കിയ കാര്യവും വിളിച്ചും മെസേജിലൂടെയും അറിയിക്കുന്നുണ്ട്.
അതിനിടെ ഗവര്‍ണര്‍ പി.സദാശിവം, ഡിജിപി ലോക്നാഥ് ബെഹ്റ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയ പ്രമുഖര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.