കണ്ണൂര്‍: പെട്ടെന്ന് പെട്രോള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് പെട്രോള്‍ പമ്പിലെ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. കണ്ണൂരിലാണ് സംഭവം. മന്ന എന്‍എഫ് ഫ്യൂവല്‍സ് ജീവനക്കാരന് കുറുമാത്തൂര്‍ പാറാട് ചെക്കന്റകത്ത് അബ്ദുല്‍ ലത്തീഫിനാണ് (48) മര്‍ദനമേറ്റത്.
അബ്ദുള്‍ ലത്തീഫിനെ വാനിലെത്തിയ ആളാണു മര്‍ദിച്ചത്. മറ്റൊരു വാഹനത്തിനു പെട്രോള്‍ നല്‍കിയിരുന്ന അബ്ദുല്‍ ലത്തീഫിനോട് വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയ യുവാവ് കയര്‍ത്തു. പിന്നീട് പമ്പിന് സമീപത്തു നിന്ന് ഉപകരണമെടുത്ത് മര്‍ദിച്ചു.
ഗുരുതരമായി മര്‍ദനമേറ്റ അബ്ദുല്‍ ലത്തീഫ് നിലത്ത് വീഴുകയായിരുന്നു. ഇവരുടെ മധ്യത്തില്‍ പെട്ടുപോയ പെട്രോള്‍ പമ്പിലെ വനിതാ ജീവനക്കാരി തടയാന്‍ ശ്രമിച്ചെങ്കിലും മര്‍ദനം തുടരുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റു വീണ അബ്ദുല്‍ ലത്തീഫിനെ മറ്റു ജീവനക്കാരും പെട്രോള്‍ നിറയ്ക്കാനെത്തിയ ചിലരും ചേര്‍ന്ന് താങ്ങിയെഴുന്നേല്പ്പിച്ച ശേഷവും യുവാവ് മര്‍ദിച്ചു.
മര്‍ദനത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. സംഭവത്തില്‍ വാന്‍ ഓടിച്ചിരുന്ന കെ.സിനാന് എന്നയാളുടെ പേരില്‍ പൊലീസ് കേസെടുത്തു. പ്രതിയെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായി ഡിവൈഎസ്പി വിനോദ് കുമാര്‍ പറഞ്ഞു.